രാവിലെ 10.30 മണിക്കു തുടങ്ങിയാൽ 12 മണിവരെ പരിശോധനയുടെ പേരിൽ പൊലീസ് നിലയുറപ്പിക്കും. ഇതേസമയം പലവട്ടം അടയുന്ന ഗേറ്റിനു മുന്നിൽ വാഹനങ്ങളുടെ നിരയും കൂടും. കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടയിൽ അരമണിക്കൂറോളം റോഡിൽ കുടുങ്ങിയവർ രോഷംപൂണ്ടു. വർക്കലയിൽ നിന്നു ഇടവ, പാരിപ്പള്ളി ഭാഗത്തേക്കുള്ള റോഡ് കടന്നു പോകുന്നത് പുന്നമൂട് വഴിയാണ്. മറ്റൊരു റോഡ് കുരയ്ക്കണ്ണി വഴി ബീച്ച് മേഖലയിലേക്കും നീളുന്നു. ഇടവ, പരവൂർ ഭാഗത്തേക്കും അയിരൂർ, പാരിപ്പള്ളി ഭാഗത്തേക്കും പോകേണ്ട സർവീസ് ബസ് അടക്കം വാഹനങ്ങൾ പുന്നമൂട്ടിലെത്തും. റെയിൽവേ ഗേറ്റ് കടന്നാൽ മാത്രമാണ് അയിരൂർ, പാരിപ്പള്ളി ഭാഗത്തേക്ക് നീങ്ങാനാവൂ. ഗേറ്റ് അടഞ്ഞാൽ ഏറെനേരം കാത്ത് കിടക്കണം.
പുന്നമൂടിലെ വാഹനത്തിരക്കും ഗേറ്റടവും നേരത്തെ തന്നെ കുപ്രസിദ്ധമാണ്. ഗേറ്റിലെ തിരക്ക് നിയന്ത്രിക്കാൻ നിലവിൽ ഒരു ഹോംഗാർഡ് മാത്രമാണുള്ളത്. ലെവൽ ക്രോസിന് പകരം ഗതാഗതക്കുരുക്കു ഉണ്ടാകാത്ത സ്ഥലത്താണ് വാഹന പരിശോധന പൊലീസ് നടത്തേണ്ടതെന്ന ആവശ്യമാണ് ജനം ഉയർത്തുന്നത്. അതേസമയം ജനങ്ങൾക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിലാണ് വാഹനപരിശോധന നടക്കുന്നതെന്നും ഓണക്കാലമായതിനാൽ കർശനമാണെന്നും വർക്കല ഡിവൈഎസ്പി പി.നിയാസ് അറിയിച്ചു. ഗതാഗതക്കുരുക്ക് സംബന്ധിച്ച പരാതി ഉയർന്നെങ്കിൽ പരിശോധിക്കാമെന്നും നിയാസ് പറഞ്ഞു.