റിഫ മെഹ്‍നുവിന്‍റെ മരണം; ഭര്‍ത്താവിനെതിരെ പോക്സോ കേസ് കൂടി ചുമത്തി

കോഴിക്കോട്:മലയാളി വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ പോക്സോ കേസ് കൂടി ചുമത്തി.വിവാഹം കഴിക്കുമ്പോൾ റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് മെഹ‍്‍നാസ് മൊയ്തുവിനെതിരെ പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസില്‍ മെഹ്നാസിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുബായിലെ ഫ്ലാറ്റില്‍ മാര്‍ച്ച്‌ ഒന്നിനാണ് റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നാണ് മെഹ്നാസിന്റെ മൊഴി. നാട്ടിലെത്തിച്ച്‌ മൃതദേഹം മറവ് ചെയ്തെങ്കിലും മെഹ്നാസിന്റെ പെരുമാറ്റത്തിലുള്‍പ്പെടെ അസ്വാഭാവികത കണ്ടതോടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കി.

ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തി. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ റിഫയുടെ മരണത്തിലേക്ക് നയിച്ചത് മെഹ്‍‍നാസിന്റെ പീഡനമാണ് എന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‍നാസും പരിചയപ്പെട്ടത്. ഇരുവര്‍ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.