*രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ*

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോ​ഗിച്ച് ടോൾ പിരിയ്ക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന. നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്ത് വാഹന ഉടമകളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടോൾ എടുക്കുകയും ചെയ്യും. 

പരീക്ഷണാടിസ്ഥാനത്തിൽ പൈലറ്റ് പദ്ധതി നടക്കുകയാണെന്നും ഇതിനായി നിയമ ഭേദഗതികളക്കം ആലോചിക്കുന്നുണ്ടെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും റോഡുകളിലെ തിരക്കും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും. ഈ സംവിധാനം നടപ്പാകുന്നതോടെ ഫാസ്ടാ​ഗും അവസാനിക്കും.

നിലവിൽ ഫാസ്ടാഗ് വഴിയാണ് 97 ശതമാനം ടോൾ പിരിവും രാജ്യത്ത് നടക്കുന്നത്. ഫാസ്ടാഗുകളുടെ ഉപയോഗം ടോൾ പ്ലാസകളിലെ തിരക്ക് ലഘൂകരിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ചിലയിടത്ത് ഇപ്പോഴും തിരക്കുണ്ട്. കുറഞ്ഞ ബാലൻസ് ഉള്ള ഉപയോക്താക്കൾ കൂടുതൽ പ്രോസസ്സിംഗ് സമയത്തിന് കാരണമാകുന്നു. പ്ലാസകളിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ കാരണവും സമയമെടുക്കുന്നുണ്ട്.