എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി

ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
മൊബൈൽനമ്പറും ആധാറും ഉപയോഗിച്ച് ഡിജി ലോക്കറിന്റെ വെബ് സൈറ്റിലൂടെ അക്കൗണ്ട് തുറക്കാം. ഇതിൽ ആധാറിൽ നൽകിയിട്ടുള്ള പേരും ജനനത്തീയതിയും നൽകണം. ലിംഗം, മൊബൈൽ നമ്പർ, ആറക്ക പിൻനമ്പർ, ഇ-മെയിൽ ഐ.ഡി., ആധാർ നമ്പർ എന്നിവയും നൽകണം. രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലാണ് ഒ.ടി.പി. നൽകുക.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജി ലോക്കറിൽ ലോഗിൻ ചെയ്തശേഷം ‘ get more now’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് എജ്യുക്കേഷൻ എന്ന സെക്ഷനിൽനിന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തിരഞ്ഞെടുക്കണം. ഇതിൽ ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം. ഇതിൽ രജിസ്റ്റർ നമ്പറും വർഷവും കൊടുത്താൽ സർട്ടിഫിക്കറ്റ് ലഭിക്കും.