കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ, ജാഗ്രതാ നിര്‍ദ്ദേശം; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ – മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടിയത്. കാഞ്ഞിരപ്പുഴയിൽ വെള്ളം ശക്തിയായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

“തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയിരുന്നു. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.

അതേ സമയം സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.