അത്തച്ചമയം ഇന്ന്, ആഘോഷപൊലിമയിൽ രാജനഗരി

കൊച്ചി: ഓണത്തിൻ്റെ വരവറിയിക്കുന്ന ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയാഘോഷം പതിന്മടങ്ങ് പ്രൗഢിയോടെ ഇന്ന് അരങ്ങേറും.കൊവിഡില്‍ രണ്ടുവര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് നഗരസഭ സജ്ജമാക്കിയിട്ടുള്ളത്.

അത്തം നഗറായ ഗവ.ബോയ്സ് ഹൈസ്കൂളില്‍ ഉയര്‍ത്താനുള്ള പതാക ഇന്നലെ വൈകിട്ട് നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ് ഹില്‍പാലസില്‍ നിന്ന് രാജകുടുംബത്തിന്റെ പ്രതിനിധികളില്‍ നിന്ന് ഏറ്റുവാങ്ങിയതോടെചടങ്ങുകള്‍ക്ക് തുടക്കമായി.

ഇന്ന് രാവിലെ എട്ടുമുതല്‍ സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത പരിപാടികളോടെ അത്താഘോഷം ആരംഭിക്കും. 9ന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായിരിക്കും. കെ. ബാബു എം.എല്‍.എ അത്തപതാക ഉയര്‍ത്തും. കളക്ടര്‍ രേണുരാജ്, അനൂപ് ജേക്കബ് എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നാടന്‍കലാരൂപങ്ങളും ഫ്ളോട്ടുകളും വാദ്യമേളങ്ങളുമായി ആയിരക്കണക്കിന് ജനങ്ങളുടെ അകമ്പടിയോടെ ചരിത്രമുറങ്ങുന്ന തൃപ്പൂണിത്തുറ രാജവീഥി ഇന്ന് ജനസാഗരമാകും. ആഘോഷങ്ങള്‍ സെപ്തംബര്‍ 7 വരെ നീളും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും.

അത്താഘോഷം ഇന്ന്:

 അത്തച്ചമയ ഘോഷയാത്ര ബോയ്സ് ഹൈസ്കൂള്‍ മൈതാനിയില്‍ നിന്ന് പുറപ്പെട്ട് നഗരം ചുറ്റി രണ്ടുമണിയോടെ തിരികെ എത്തും.

 10 മുതല്‍ സിയോണ്‍ ഓഡിറ്റോറിയത്തില്‍ പൂക്കള മത്സരം.

 വൈകിട്ട് അഞ്ചിന് ഓണം കലാസന്ധ്യ ലായം കൂത്തമ്പലത്തിൽ നടന്‍ ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്യും.

 വൈകിട്ട് ആറിന് വയോമിത്രം മേക്കരയുടെ കലാപരിപാടികള്‍.

 ഏഴിന് ഹിന്ദുസ്ഥാനി സംഗീതം.

 രാത്രി 8.30ന് ആലപ്പുഴ സംസ്കൃതിയുടെ ഗാനമേള.

തൃപ്പൂണിത്തുറയില്‍ ഇന്ന് അവധി

അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ ഇന്ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

തൃക്കാക്കരയിലും ഇന്ന് ഓണാഘോഷങ്ങള്‍ക്ക് തുടക്കം

തൃക്കാക്കര: മഹാബലി ചക്രവര്‍ത്തിയുടെ രാജധാനിയായ തൃക്കാക്കരയിലും ഇന്ന് തിരുവോണാഘോഷങ്ങള്‍ക്ക് തുടക്കമാകും. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ രാവിലെ 10ന് കളക്ടര്‍ രേണുരാജ് ഓണവിളക്ക് തെളിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മഹാബലിക്ക് കിരീടവും ചെങ്കോലും കൈമാറും. പാളയം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചെണ്ടമേളം അരങ്ങേറും. തുടര്‍ന്ന് പ്രതീകാത്മകമായി മഹാബലി വാദ്യമേളങ്ങളുടെ അകമ്ബടിയോടെ ഭരണസിരാകേന്ദ്രത്തിലെ ജീവനക്കാരെ സന്ദര്‍ശിച്ച്‌ ഓണ വിളംബരം നടത്തും.

അത്തം ഘോഷയാത്രയ്ക്ക് ജില്ലാ പഞ്ചായത്ത് സ്വീകരണം നല്‍കും. കലാകായിക കൗതുക മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണം ഐതിഹ്യത്തിന്റെ ആസ്ഥാനമെന്ന നിലയിലാണ് തൃക്കാക്കരയില്‍ ഓണാഘോഷത്തിന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും സമാരംഭം കുറിക്കുന്നതെന്ന് ഉല്ലാസ് തോമസ് പറഞ്ഞു.

വൈകിട്ട് ആറിന് ഓണവിളംബര സമ്മേളനത്തില്‍ ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ മുഖ്യാതിഥിയാവും.

തൃക്കാക്കര ക്ഷേത്രത്തില്‍ ഇന്ന് കൊ‌ടിയേറ്റ്:

മഹാബലിയുടെ ഐതീഹ്യം ഉറങ്ങുന്ന തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന് ഇന്ന് രാത്രി എട്ടിന് കൊടിയേറും. ഉത്രാടത്തിനും തിരുവോണത്തിനും ആയിരങ്ങള്‍ പങ്കെടുക്കുന്ന സദ്യയുമുണ്ടാകും. തിരുവോണത്തിനാണ് ആറാട്ട്.