തൃശൂരില്‍ മദ്യപിച്ച് വാഹനമോടിച്ച ഏഴ് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍. സ്വകാര്യ ബസുകള്‍ക്കെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു നടപടി. മദ്യപിച്ചതായി കണ്ടെത്തിയ അഞ്ച് ബസ് കണ്ടക്ടര്‍മാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ആറുമണി മുതല്‍ ആയിരുന്നു ഈസ്റ്റ് പോലീസിന്റെ പരിശോധന. തൃശ്ശൂര്‍ നഗരത്തിലെ രണ്ട് ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. കാര്‍ യാത്രികനെ ആക്രമിച്ച മൂന്ന് ബസ് ജീവനക്കാരെ ഇന്നലെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പൊലീസ് സ്വകാര്യബസുകള്‍ക്കെതിരെ പരിശോധനകള്‍ കടുപ്പിക്കുന്നത്.മദ്യപിച്ചെന്ന് കണ്ടെത്തിയ സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എസിപി സജീവ് ട്വന്റിഫോറിനോട് പറഞ്ഞു. ഇവര്‍ മുന്‍പും സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. മദ്യപിച്ച് വാഹനമോടിക്കാന്‍ ഡ്രൈവറെ പ്രേരിപ്പിച്ചെന്ന് കണ്ടെത്തിയാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് എസിപി വ്യക്തമാക്കി.