ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് വൈകിട്ട് 7.30ക്ക് ദുബായ് ഇന്റര്നാഷണല് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യാ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇരു രാജ്യങ്ങളിലെയും ആരാധകര്‍. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ പാക് താരങ്ങള്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാവും മത്സരത്തിനിറങ്ങുക.കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന പാക് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പാക് ടീം കറുത്ത ആം ബാന്‍ഡ് കൈയില്‍ ധരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും 900ല്‍ അധികം പേരാണ് പാക്കിസ്ഥാനില്‍ മരിച്ചത്. തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഖൈബര്‍ പഖ്തൂണ്‍വാല, സിന്ധ്, ബലൂചിസ്ഥാന്‍ മേഖലകളിലാണ് പ്രളയക്കെടുതികള്‍ രൂക്ഷമായത്. കനത്ത മഴ തുടരുന്ന ബലൂചിസ്ഥാന്‍ രാജ്യത്ത് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥിയലുമാണ്.ഏഷ്യാ കപ്പില്‍ വിജയത്തുടക്കമിടാനാണ് ഇന്ത്യയും പാക്കിസ്ഥാനും ഇന്നിറങ്ങുന്നത്. ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പിക്കാം. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഹോങ്കോങാണ് ഗ്രൂപ്പില മൂന്നാമത്തെ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാവും സൂപ്പര്‍ ഫോറിലേക്ക് മുന്നേറുക. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.ദുബായ് ഇന്റര്നാഷണല് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റ മവേദി കൂടിയാണിത്. അന്ന് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ആ തോല്‍വി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യയെ പുറത്താക്കാന്‍ പോന്നതായിരുന്നു. അന്നേറ്റ തോല്‍വിക്ക് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. അന്ന് വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. തോല്‍വിക്ക് പിന്നാലെ കോലി നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങി. ഇത്തവണ ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയ്ക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.