തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചവര്‍ ആഡംബര കാറിന്‍റെ എയര്‍ബാഗില്‍ സുരക്ഷിരായപ്പോള്‍ പാഞ്ഞുള്ള വരവ് കണ്ട് പേടിച്ച് ബൈക്ക് ഒതുക്കി നിര്‍ത്തിയ അച്ഛനും മകനും നടുറോഡില്‍ ചതഞ്ഞരഞ്ഞു. കിളിമാനൂര്‍-ആറ്റിങ്ങല്‍ റോഡിലെ നഗരൂരിലാണ് സംഭവം. നിര്‍മാണ തൊഴിലാളിയാണ് പ്രദീപും മകനുമാണ് മരിച്ചത്. ഇതിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും നാടു നാട്ടുകാരും. സ്വന്തമായി ഒരു വീട് വെയ്ക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിവരികയായിരുന്നു പ്രദീപ്.എന്നും ജോലി കഴിഞ്ഞ് വന്നാല്‍ മക്കളെയും കൂട്ടി തന്‍റെ പഴയ ഇരുചക്ര വാഹനത്തില്‍ ടൗണിലേക്ക് ഇറങ്ങുന്ന പതിവുണ്ട് പ്രദീപിന്. ഇന്നലെയും അങ്ങനെ മക്കളെയും കൂട്ടി പോയി. അവരുടെ മുടി വെട്ടി. വടംവലി മല്‍സരവും മറ്റു പരിപാടികളും കഴിഞ്ഞ് മിഠായികള്‍ വാങ്ങി. വീട്ടിലേക്കുള്ള അരിയും കോഴിത്തീറ്റയും പച്ചക്കറിയും വാങ്ങി സന്തോഷത്തോടെ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അഞ്ചുവയസുകാരന്‍ ശ്രീദേവിനെ മുന്നിലാണ് ഇരുത്തിയത്.പതിനഞ്ചുകാരനായ മൂത്തമകന്‍ ശ്രീഹരി പിറകിലും ഇരുന്നു. കിളിമാനൂര്‍- ആറ്റിങ്ങല്‍ റോഡില്‍ നിന്ന് പ്രദീപിന്‍റെ വീട്ടിലേക്ക് തിരിയുന്ന കല്ലിംഗല്‍ ജംഗ്ഷനെത്താന്‍ 300 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വളവ് തിരിഞ്ഞ് ഒരു ഫോര്‍ച്യൂണര്‍ കാര്‍ അമിത വേഗതയില്‍ വരുന്നത് പ്രദീപ് കണ്ടത്. ഭയന്ന് അതിവേഗം തന്നെ പ്രദീപ് തന്‍റെ ഇരുചക്രവാഹനം സൈഡിലേക്ക് ഒതുക്കി നിര്‍ത്തി. എന്നാല്‍, സെക്കന്‍റുകള്‍ക്കുള്ളില്‍ എല്ലാം സംഭവിച്ചതായി തൊട്ടുപിന്നില്‍ ബൈക്കില്‍ വന്നിരുന്ന നൗഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റോഡിനോട് ചേര്‍ന്നൊഴുകുന്ന തോടിനോട് ചേര്‍ന്നുള്ള കൈവരിയില്‍ ബൈക്കുമായി കാറിടിച്ച് നിന്നു.കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളിലെ എയര്‍ബാഗുകള്‍ വാഹനത്തിലുണ്ടായിരുന്ന ഷിറാസിനെയും ജാഫര്‍ഖാനെയും സുരക്ഷിതരാക്കി. പക്ഷേ, അപ്പോഴേക്കും കാറിനു മുന്നില്‍ പ്രദീപ് അബോധാവസ്ഥയില്‍ രക്തത്തില്‍ കുതിര്‍ന്ന് കിടക്കുകയായിരുന്നു. പതിനഞ്ചുകാരനായ മകന്‍ ശ്രീഹരി ഇടിയുടെ അഘാതത്തില്‍ റോഡിന്‍റെ അപ്പുറത്തേക്ക് തെറിച്ചുവീണു. തൊട്ടുപിറകില്‍ നഗരൂര്‍ പൊലീസിന്‍റെ ജീപ്പെത്തി.നാട്ടുകാരും കുതിച്ചെത്തി. 108 ആംബുലന്‍സ് എത്തി പരിക്കേറ്റ പ്രദീപിനെയും മൂത്തമകനെയും കയറ്റി. പത്ത് മിനുട്ട് കഴിഞ്ഞ് കാണും ആരുടെയൊക്കെയോ ടോര്‍ച്ചുകളില്‍ ആ കാഴ്ച കണ്ടു. അഞ്ചുവയസുകാരന്‍ ശ്രീദേവിന്‍റെ തലയില്ലാത്ത ശരീരം തൂങ്ങിക്കിടക്കുന്നു. കണ്ട് നിന്നവര്‍ക്ക് ആ കാഴ്ച സഹിക്കാനായിരുന്നില്ല. അപ്പോഴേക്ക് ഫോര്‍ച്യൂണര്‍ കാറില്‍ നിന്ന് മദ്യപിച്ച് ലക്കുകെട്ട ഡ്രൈവര്‍ ഷിറാസിനെയും ജാഫര്‍ഖാനെയും പൊലീസ് കൊണ്ടുപോയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വീട്ടിലെത്തിച്ച പ്രദീപിന്‍റെയും മകന്‍റെയും മൃതദേഹം സംസ്കരിച്ചു. നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.