മകനെ ആക്രമിക്കുന്നതു കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ച സംഭവം: ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി:മകനെ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നതു കണ്ട് പിതാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.ചെറായി സ്വദേശി ടിന്റു ആണ് അറസ്റ്റിലായത്. ബസ് ഡ്രൈവര്‍ മകനെ കുത്താന്‍ ശ്രമിക്കുന്നത് കണ്ടാണ് ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീന്‍ (54) കുഴഞ്ഞു വീണ് മരിച്ചത്.

ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്തായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചിരുന്നത്.

അമിത വേഗത്തിലായിരുന്ന കോഴിക്കോട്-വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടി. ഇതേത്തുടര്‍ന്ന് കാര്‍ ബസിന് മുന്നില്‍ കൊണ്ടുവന്നിട്ട് ഫര്‍ഹാന്‍ ചോദ്യം ചെയ്തു. ഇതിനിടെ ബസില്‍ നിന്നും ഇറങ്ങിവന്ന ജീവനക്കാര്‍ ഫര്‍ഹാനെ ആക്രമിക്കാന്‍ ശ്രമിച്ചു.

ബസ് ഡ്രൈവര്‍ ടിന്റു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ഫര്‍ഹാനെ കുത്തി. ഫര്‍ഹാന്‍ തടഞ്ഞതിനെത്തുടര്‍ന്ന് കൈക്ക് മുറിവേറ്റു. മകനെ കുത്തുന്നതു കണ്ടപ്പോഴാണ് ഫസലുദ്ദീന്‍ കുഴഞ്ഞു വീണത്. ബസ് ജീവനക്കാരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും, അസഭ്യം പറഞ്ഞ് ഇറങ്ങിവന്ന അവര്‍ ആക്രമിക്കുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്ന ഫസലുദ്ദീന്റെ ബന്ധു സല്‍മ പറഞ്ഞു.