വാട്ടര്‍ അതോറിറ്റിയുടെ മാന്‍ഹോളിന്റെ അടപ്പുകള്‍ മോഷ്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശി അനീഷ്(33) വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാര്‍ (39) എന്നിവരെയാണ് പോത്തന്‍കോട് ?പൊലീസ് അറസ്റ്റ് ചെയ്തത്.
ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന മാന്‍ഹോളിന്റെ അടപ്പുകളാണ് മോഷ്ടിച്ച് കടത്തിയത്. ആറ്റിങ്ങല്‍, വെഞ്ഞാറമൂട് ,വട്ടപ്പാറ, പോത്തന്‍കോട് എന്നിവിടങ്ങളിലെ ഇരുപതോളം മാന്‍ഹോള്‍ അടപ്പുകള്‍ മോഷ്ടിച്ചതായി വാട്ടര്‍ അതോറിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന അടപ്പുകളാണ് പ്രതികള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. അടപ്പുകള്‍ ഇളക്കി എടുക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച പ്രത്യേകതരം ഉപകരണങ്ങളും പ്രതികളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
രാത്രികാലങ്ങളില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്നായിരുന്നു പ്രതികള്‍ മോഷണം നടത്തിയിരുന്നത്. പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പോത്തന്‍കോട് ഇന്‍സ്പെക്ടര്‍ മിഥുന്റെ നിര്‍ദ്ദേശപ്രകാരം എസ്. ഐ രാജീവ്, ഗ്രേഡ് എസ്‌ഐ സുനില്‍കുമാര്‍, എ എസ് ഐ ഗോപന്‍ ,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവ്, മനീഷ്, മനു എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.