മദ്യലഹരിയിൽ വീട്ടുകാർ തമ്മിലുണ്ടായ സംഘട്ടനം: നാല് പേർ അറസ്റ്റിൽ

അഞ്ചാലുംമൂട്: ഒന്നരമാസം മുമ്പ് മദ്യലഹരിയിൽ ആംഗങ്ങൾ തമ്മിലുണ്ടായ തർക്കം വീട്ടുകാർ ഏറ്റെടുത്തതിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ ഉൾപ്പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഷ്ടമുടി വടക്കേകര അബി ഭവനിൽ അബി (23), അഷ്ടമുടി വടക്കേകര അബി ഭവനിൽ ആന്റണി (49), അഷ്ടമുടി വടക്കേകര വലിയവിള പുത്തൻ വീട്ടിൽ അമീർ (33), അഷ്ടമുടി വടക്കേകര വലിയവിള പുത്തൻ വീട്ടിൽ അഷ്റഫ് (38) എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞമാസം ഇരുവീട്ടിലേയും അംഗങ്ങൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട്ടുകാർ തമ്മിൽ വാക്ക് തർക്കവും സംഘർഷവും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ഇരുവീട്ടുകാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. പങ്കായവും വെട്ടുകത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് പരസ്പരം നടത്തിയ ആക്രമണത്തിൽ ഇരുവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ചാലുമൂട് പോലീസ് കുറ്റകരമായ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

അഞ്ചാലുംമൂട് പോലീസ് ഇൻസ്പെക്ടർ ദേവരാജൻ സി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ അബ്ദുൾ ഹക്കീം, ആന്റണി, റഹീം, രാജേന്ദ്രൻ പിള്ള, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.