വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഹോവേ എൻജിനീയറിങ് പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകരുതെന്ന് കഴിഞ്ഞതവണ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സമാധാനപരമായ സമരമാകാമെന്നും, പദ്ധതി തടസപ്പെടുത്താൻ കഴിയില്ലെന്നുമാണ് കോടതിയുടെ നിലപാട്. കമ്പനി ജീവനക്കാർ, തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെയും, കരാർ കമ്പനിയുടെയും ഹർജികളിൽ ചൂണ്ടിക്കാട്ടുന്നത്. മേഖലയിലേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്ക് അടക്കം സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജികളിൽ ആവശ്യപ്പെട്ടു.വിഴിഞ്ഞത്ത് തീരശോഷണം പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. തുറമുഖം നിർമ്മാണം നിർത്തിവയ്ക്കുന്നത് ഒഴികെ ലത്തീൻ അതിരൂപതയുടെ ഏതാവശ്യവും പരിഗണിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സർക്കാർ തീരുമാനങ്ങൾ നേരത്തേയാകാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.മത്സ്യതൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിൽ അനുനയത്തിന്റെ എല്ലാ സാധ്യതയും തുറന്നിട്ടുകയാണ് സർക്കാർ. തീരശോഷണം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് ലഭ്യമാക്കും. ശേഷം തുടർനടപടിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.ക്യാമ്പുകളിൽ കഴിയുന്ന കുടുബങ്ങളെ വാടക വീടുകളിലേക്ക് മാറ്റാൻ പ്രതിമാസം 5500 രൂപ നൽകും. മണ്ണെണ്ണയിതര ഇന്ധനമുപയോഗിക്കുന്ന യാനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമരത്തിൽ രാഷ്ട്രീയ താല്പര്യം കൂടിയുണ്ടെന്ന് വിമർശിച്ചു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി തീരുമാനങ്ങളറിയിച്ചത്. വിദഗ്ധസമിതിയെ നിയമിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ നേരത്തെയാകമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.