മകളെ സ്കൂള്‍ ബസില്‍ കയറ്റി വിട്ടുനിന്ന അമ്മയെ ടിപ്പർ ഇടിച്ചു, ദാരുണാന്ത്യം

കോഴിക്കോട്: കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി വിട്ട് മടങ്ങിവരുന്നതിനിടെ അമ്മ ടിപ്പര്‍ ഇടിച്ച്‌ മരിച്ചു.താമരശേരി ചുങ്കത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഫാത്തിമ സാജിദയാണ് (30) മരിച്ചത്.

ബാലുശേരി – താമരശേരി റോഡില്‍ ചുങ്കത്ത് വനം വകുപ്പ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. മകളെ സ്കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പര്‍ സാജിദയെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പര്‍. ടിപ്പര്‍ ലോറിയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.