വിഴിഞ്ഞം സമരം: ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്, ഹർജി നൽകും

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത ഹൈക്കോടതിയിലേക്ക്.അദാനി നല്‍കിയ ഹര്‍ജിയില്‍ തങ്ങളെ കൂടി കോടതി കേള്‍ക്കണം എന്നാവശ്യപ്പെട്ട് അതിരൂപത നാളെ ഹര്‍ജി നല്‍കും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മത്സ്യത്തൊഴിലാളി സമൂഹത്തിന് ആപത്താണെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി.

അതേസമയം വിഴിഞ്ഞം സമരം പരിഹരിക്കാന്‍ ഇന്ന് നിശ്ചയിച്ചിരുന്ന മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അതിരൂപതയുടെ പ്രതിനിധികള്‍ എത്തിയില്ല. യോഗത്തിന്റെ അറിയിപ്പ് കിട്ടിയില്ലെന്ന് അതിരൂപത വിശദീകരിച്ചു. എന്നാല്‍ ഔദ്യോഗികമായി ചര്‍ച്ചയുടെ വിവരം സമരക്കാരെ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.