ദേശീയ പതാക ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

ദേശീയ പതാക ഉയർത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ഭോപ്പാലിൽ ദാരുണാന്ത്യം

ഭോപ്പാൽ (മദ്ധ്യപ്രദേശ്): ടെറസിനു മുകളിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ പതാക കെട്ടിയ ഇരുമ്പ് കമ്പി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മലയാളി യുവാവ് തൽക്ഷണം മരിച്ചു.സ്വാതന്ത്ര്യ ദിനമായ ഇന്നലെ രാവിലെയായിരുന്നു സംഭവം.ഡോ.രാജൻ ജോണിന്റെ മകൻ ആൻഷിൽ രാജൻ (33) ആണ് മരിച്ചത്.കൊല്ലം ജില്ലയിലെ ഇരവിപുരം സ്വദേശിയാണ്.

അയോദ്ധ്യാ നഗറിൽ പുതുതായി ആരംഭിച്ച സ്വന്തം ആശുപത്രിയുടെ ടെറസിൽ ഇന്നലെ രാവിലെ പതാക ഉയർത്തുന്നതിനിടെ 20 അടി നീളമുള്ള ഇരുമ്പ് പൈപ്പ് സമീപത്തുള്ള ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി ആയിരുന്നു അപകടം.

ആശുപത്രി സ്റ്റാഫായ അദ്ദേഹത്തിന്റെ ഭാര്യ അടക്കം ഓടിയെത്തി ഉടൻ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം ഇന്ന് (16-08-2022- ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് ഭോപ്പാൽ ഇൻഫെന്റ് ജീസസ് പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം ബൈരാഗർ സെമിത്തേരിയിൽ.