പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. പെരുമ്പാവൂർ എംസി റോഡിൽ കീഴില്ലം ഷാപ്പുംപടിയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 7.30 ന് തൃശൂരിലേക്ക് പോവുകയായിരന്ന KL-25 P 8577 ടാറ്റ ആൾട്രോസ് എന്ന കാർ KL-40 G 4296 പൾസർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് കാറിലെ തീ അണച്ചത്.
കൊല്ലം അഞ്ചൽ ദേവികൃപയിൽ രാധാകൃഷ്ണ പിള്ള, പാർവതി കൃഷ്ണ, ഡ്രൈവർ സതീഷ്, 2 വിദ്യാർത്ഥികൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. തൃശൂർ ക്രിക്കറ്റ് അക്കാദമിയിലേക്ക് പരിശീലനത്തിനായി വിദ്യാർത്ഥികളുമായി പോകുകയായിരുന്നു കാർ യാത്രികർ. കാറിലുണ്ടായിരുന്ന 50,000 രൂപയും 2 മൊബൈൽ ഫോണുകളും ആർസി ബുക്ക് അടക്കമുള്ള രേഖകളും കത്തി നശിച്ചു.20 മിനിറ്റിൽ പെരുമ്പാവൂരിൽ നിന്നു അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും കാറിന്റെ ടയറുകൾ ഉൾപ്പെടെ പൂർണ്ണമായി കത്തി നശിച്ചിരുന്നു.
അപകടത്തെ തുടർന്ന് കാറിലെ ടാങ്കിൽ നിന്നും ഇന്ധനം ചോർന്നതാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം . കാർ കത്തും മുൻപ് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചൽ സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കാറിനാണ് തീപിടിച്ചത്.
അതേസമയം, കാലിന് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അജിത്തിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.