പാലക്കാട് കൊലപാതകം: പിന്നിൽ ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ

തിരുവനന്തപുരം: പാലക്കാട് കൊലപാതകത്തിന് പിന്നിൽ ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരു സംഭവം ഉണ്ടായാൽ ആദ്യം തന്നെ ആരോപണവുമായി വരുന്നത് ശരിയല്ല എന്ന് കാനം പറഞ്ഞു. ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ എന്നും കാനം പറഞ്ഞു. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ, നിയമസഭയിലുള്ള രാഷ്ട്രീയ പാർട്ടികൾ എല്ലാം കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. സിപിഐ ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.