റാഞ്ചി• ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി നൽകി നിയമസഭാംഗത്വം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതു സംബന്ധിച്ച ശുപാർശ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് കൈമാറി. ഇതോടെ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവച്ചേക്കുമെന്നാണ് സൂചന. ബിജെപിയുടെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 9എ വകുപ്പു പ്രകാരമാണ് തീരുമാനം. .അനധികൃത ഖനി അലോട്ട്മെന്റ് വിവാദത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഖനനത്തിന് അനുമതി നൽകിയതിൽ അഴിമതി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമന്ത് സോറനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.2021 ജൂലൈയിൽ റാഞ്ചിയിലെ അംഗാര ബ്ലോക്കിൽ 88 സെന്റ് ഭൂമിയിൽ കല്ല് ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുമതി നൽകിയെന്നാണ് ബിജെപിയുടെ ആരോപണം. കല്ല് ഖനനത്തിന് അനുമതി നൽകിയത് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ആരോപണം. കോൺഗ്രസും സോറന്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ചയും ചേർന്നാണ് ഇപ്പോൾ ജാർഖണ്ഡ് ഭരിക്കുന്നത്.