ആലംകോട് ഗവ:: എൽപിഎസിൽ ഹിരോഷിമ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തുകയും ലോകസമാധാനത്തിന്റെ സന്ദേശം ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സ്കൂൾ മുറ്റത്ത് "യുദ്ധമില്ലാത്ത ലോകത്തിന് സമാധാനത്തിന്റെ കയ്യൊപ്പ് " എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ വിദ്യാർത്ഥികളും എസ്എംസി അംഗങ്ങളും നാട്ടുകാരും കയ്യൊപ്പ് ചാർത്തി. കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളും പ്ല ക്കാർഡുകളുമായി യുദ്ധ വിരുദ്ധ റാലിയും നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ വിജിത ടീച്ചർ മാനവ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ലോകത്തെ 50 തവണ ചുട്ടു ചാമ്പലാക്കാൻ പോന്ന ആയുധങ്ങൾ വൻ രാഷ്ട്രങ്ങളുടെ കയ്യിൽ ഉണ്ടെന്നും ഇനിയൊരു യുദ്ധം ഉണ്ടായാൽ ഈ ഭൂമി ഒന്നാകെ കത്തി നശിക്കുമെന്നും ഹെഡ്മിസ്ട്രസ്സ്ർറീജ സത്യൻ പറഞ്ഞു. സുധീർ മാഷിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ നാടകം അരങ്ങേറി. സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ ക്ലാസിലും യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു.യുദ്ധവിരുദ്ധ പ്രതിജ്ഞ,ക്വിസ്, പോസ്റ്റർ നിർമ്മാണം,സഡാക്കോ കൊക്ക് നിർമ്മാണം, കൊളാഷ് നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. എസ്എംസി ചെയർമാൻ നാസിം, പൊതുപ്രവർത്തകരായ എ എം നസീർ ഷാജി എം എച്ച് അഷ്റഫ് നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി.