സിആര്‍പിസി സെക്ഷന്‍ 41 എ പ്രകാരം ഹൈദരാബാദ് പൊലീസ് രാജാ സിങ്ങിന് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. പ്രവാചക നിന്ദ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ, രാജാ സിങ്ങിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
അതേസമയം, ആദ്യത്തെ കേസില്‍ രാജാ സിങ്ങിന് ജാമ്യം നല്‍കിയതിന് എതിരെ ഹൈദരബാദ് പൊലീസ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനാണ് രാജാ സിങ്ങിന് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആഗസ്റ്റ് 20ന് ഹൈദരാബാദില്‍ നടത്തിയ ഒരു പരിപാടിയുടെ പേരില്‍ ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയെ ആക്ഷേപിച്ച് രാജാ സിങ് രംഗത്തെത്തിയിരുന്നു. അതിനിടെയായിരുന്നു എംഎല്‍എയുടെ പ്രവാചക നിന്ദാ പരാമര്‍ശം ഉണ്ടായത്. ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച സിങ്ങ് പരിപാടി തടസ്സപ്പെടുത്തുമെന്നും വേദിയുടെ സെറ്റ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായതിന് പിന്നാലെ, ഈ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീഡിയോയുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുമെന്ന് രാജാ സിങ് പറഞ്ഞിരുന്നു.