‘അമ്മയുടെ സ്വർണ്ണമേ, നീ എന്തിനാ നേരത്തേ പോയേ...’; നാടിന്റെ ആദരമേറ്റുവാങ്ങി ക്യാപ്റ്റൻ നിർമ്മൽ മടങ്ങി

കൊച്ചി : ‘അമ്മയുടെ സ്വർണ്ണമേ, നീ എന്തിനാ നേരത്തേ പോയേ...’ മകൻ നിർമ്മൽ ശിവരാജന്റെ മൃതദേഹം സൂക്ഷിച്ച പേടകത്തിൽ ഇരുകൈകളും ചേർത്ത് അമ്മ സുബൈദ തേങ്ങിക്കരഞ്ഞപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ കണ്ണിലും നനവു പടർന്നു. മദ്ധ്യപ്രദേശിൽ അണക്കെട്ടു തുറന്നപ്പോഴുണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട് അന്തരിച്ച ആർമി ക്യാപ്റ്റൻ എറണാകുളം കലൂർ കറുകപ്പിള്ളി സ്വദേശി നിർമ്മൽ ശിവരാജന്റെ (30) മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആദരം അർപ്പിക്കാൻ നാടാകെയെത്തി. മദ്ധ്യപ്രദേശിൽ നിന്നു സേനാ ഉദ്യോഗസ്ഥരുടെഅകമ്പടിയോടെ ഇന്നലെ ഉച്ചയ്ക്കു 2.15നാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.
ജബൽപുരിലെ സൈനിക ആശുപത്രിയിൽ നഴ്സായ ഭാര്യ ലഫ്റ്റനന്റ് ഗോപിചന്ദ്ര, അച്ഛൻ ചന്ദ്രബാബു, അമ്മ ബിന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു. മറാത്ത ലൈറ്റ് ഇൻഫെന്ററി റജിമെന്റിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, ഉമ തോമസ് എന്നിവർ വിമാനത്താവളത്തിലെത്തി നേതൃത്വം നൽകി. സേനാംഗങ്ങളുടെ അകമ്പടിയോടെ വൈകിട്ട് മൂന്നരയോടെ കലൂർ കറുകപ്പിള്ളി ഭാഗ്യതാര നഗറിലെ വീട്ടിലെത്തിച്ചു. അഞ്ചോടെ പച്ചാളം പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
സംസ്ഥാന സർക്കാരിനായി മന്ത്രി പി.രാജീവ് വീട്ടിലെത്തി ആദരമർപ്പിച്ചു. എംഎൽഎമാരായ ടി.ജെ.വിനോദ്, അനൂപ് ജേക്കബ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയർ എം. അനിൽകുമാർ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ പ്രമുഖർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ജബൽപുരിൽ ജോലി ചെയ്യുന്ന ഭാര്യയെ സന്ദർശിച്ചശേഷം 15നു രാത്രി പച്മാർഹിയിലെ എഇസി ട്രെയിനിങ് സെന്ററിലേക്കു പോകുന്നതിനിടെയാണ് ക്യാപ്റ്റൻ നിർമ്മലിന്റെ കാർ മിന്നൽപ്രളയത്തിൽപ്പെട്ടത്.കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണു കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.
രാഷ്ട്രത്തിന്റെ ഒരു വീരപുത്രനെയാണു നഷ്ടപ്പെട്ടതെന്നും മാതൃരാജ്യത്തിനുവേണ്ടിയുള്ള ആ ധീരജവാന്റെ പ്രവർത്തനം രാഷ്ട്രമെന്നും സ്മരിക്കുമെന്നും കേന്ദ്ര സഹ മന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. നിർമ്മൽ ശിവരാജന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി അദ്ദേഹത്തിന്റെ മാതാപിതാക്കളെ സന്ദർശിച്ചു. ബിജെപി നേതാക്കളായ സി.ജി. രാജഗോപാൽ, കെ.എസ്.ഷൈജു, ഷിബു ആന്റണി, ടി.ബാലചന്ദ്രൻ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.