'കലപ്പ മുതൽ കമ്പ്യൂട്ടർ വരെ'എന്ന തലക്കെട്ടിൽ പഴയകാല ഉപകരണങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു മടവൂർ ഗവ:എൽ.പി.എസ്.
ലോക നാട്ടറിവ് ദിനത്തിൽ പരിസര പഠന പാഠഭാഗങ്ങളുമായി ബന്ധപെട്ട് അന്വേഷണാത്മക പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് പ്രദർശനം സംഘടിപ്പിച്ചത്. പഴയകാല കാർഷിക ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ,വാർത്താവിനിമയ രീതികൾ തുടങ്ങി ഒരു കാലഘട്ടത്തിലെ മനുഷ്യജീവിതത്തിന്റെ ചൂടും ചൂരും വിളിച്ചോതുന്നതായിരുന്നു പ്രദർശനം. പാഠപുസ്തകങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും മാത്രം കണ്ടുപരിചയമുള്ള ഉപകരണങ്ങളുടെ പ്രദർശനം കുട്ടികളിൽ കൗതുകം ഉണർത്തി. കലപ്പ ,നുകം, മരമടിയുടെ മരം ,പറ , പക്ക,ഇടങ്ങഴി, ഉപ്പുമരവി,ഭരണികൾ,
കൽപാത്രങ്ങൾ, ചർക്ക, വിവിധ കാലങ്ങളിൽ കടന്നുവന്ന ടെലിഫോണുകൾ, ഗ്രാമഫോൺ തുടങ്ങി അനവധി ഉപകരണങ്ങൾ പ്രദർശനത്തിൽ സജ്ജീകരിച്ചിരുന്നു. കേരളീയ സംസ്ക്കാരത്തിന്റെ ഇന്നലെകളെ അറിയാനും വർത്തമാനകാലവുമായി അവയെ താരതമ്യം ചെയ്യാനും ഈ പ്രദർശനം കുട്ടികളെ ഏറെ സഹായിക്കുമെന്ന് പ്രഥമാധ്യാപകൻ എസ് അശോകൻ പറഞ്ഞു. അനേക വർഷകളിലൂടെ ഒരു ജനത സ്വന്തം ഭൂമികയിൽ നിന്നും നേടിയെടുത്ത പ്രയോഗജ്ഞാനം പ്രകടമാകുന്നതായി പ്രദർശനം. രക്ഷിതാക്കളും നാട്ടുകാരും ഉപകരണങ്ങൾ കൈമാറാൻ കാട്ടിയ സഹകരണം പ്രദർശനത്തെ മികവുറ്റതാക്കി. മനുഷ്യന്റെ അധ്വാനം ലഘൂകരിക്കാൻ സഹായിക്കുന്നതിനോടൊപ്പം അവയുടെ ഈടുറ്റതും പരിസര സൗഹൃദപരവുമായ പ്രത്യേകതകൾ പ്രദർശനത്തോടനുബന്ധിച്ചു നടന്ന ചർച്ചാ ക്ലാസ്സിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. മടവൂർ അഗ്രികൾച്ചർ അസിസ്റ്റന്റ് എസ് ശ്രീകുമാർ പി ,ടി .എ പ്രസിഡന്റ് ഡി .സന്തോഷ്, എസ് .എം .സി ചെയർമാൻ സജിത്കുമാർ , എസ്.ആർ.ജി. കൺവീനർ സുപ്രഭ . ഡി തുടങ്ങിയവർ സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി എ.എം. റാഫി നന്ദി പറഞ്ഞു.