പാങ്ങോട്: സംസ്ഥാനത്ത് കർഷകർക്കായി സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള കർഷക അവാർഡ് 2021ലെ പ്രത്യേക ആദരം തിരുവനന്തപുരം ഭരതന്നൂർ തണ്ണിച്ചാലിൽ ഡ്രാഗൺ ഫ്രൂട്ട് കർഷകനായ
വിജയൻ ജനാർദ്ധനന് ലഭിച്ചു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദിൽ നിന്ന് വിജയൻ അവാർഡ് ഏറ്റുവാങ്ങി.
ഇന്ത്യയിൽ ആദ്യമായി ഡ്രാഗൺ ഫ്രൂട്ട് കൃഷിയാരംഭിച്ച ഒരാളാണ് വിജയൻ. 2007ൽ സ്വന്തം മട്ടുപ്പാവിൽ ആരംഭിച്ച കൃഷി ഇപ്പോൾ 20 ഏക്കറോളം സ്ഥലത്തായി വ്യാപിപ്പിച്ചിട്ടുണ്ട്. ഫലവൃക്ഷ കൃഷിയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് റംബുട്ടാൻ, മാംഗോസ്റ്റീൻ, അബിയൂ, വാനില, സ്റ്റിവിയ എന്നിവയും കൃഷി ചെയ്തു വരുന്നു. മൂല്യവർദ്ധിത ഉത്പ്പന്നങ്ങളായി ഡ്രാഗൺ ഫ്രൂട്ട് ജ്യൂസ്, കംബൂച്ച എന്നിവ ഉൽപ്പാദിപ്പിച്ച് സ്വന്തം ഔട്ട്‌ലെറ്റുകൾ വഴി വിപണനവും നടത്തുന്നു.
കേരളത്തിൻ്റെ ഭാവി ഫലവൃക്ഷ കൃഷിയിലാണ് എന്ന സന്ദേശം പ്രചരിപ്പിക്കുകയും അതിനായി ധാരാളം ആളുകളെ ഈ കൃഷിയിലേക്ക് കൈ പിടിച്ചു കയറ്റുവാനും വിജയൻ പരിശ്രമിക്കുന്നു.
പാങ്ങോട് പഞ്ചായത്ത് ഒരു ഡ്രാഗൺ ഫ്രൂട്ട് ഗ്രാമമായി മാറുന്നതിൽ മുഖ്യ പങ്കും ഈ കർഷകനുണ്ട്.
ഈ എഴുപതുകാരൻ്റെ വിജയഗാഥയ്ക്ക് പിന്തുണ നൽകുവാൻ ഭാര്യ ശോഭനയും ഈ സംരംഭത്തിൽ കൃത്യമായ പങ്കുകൾ വഹിക്കുന്നു. പാങ്ങോട് ഗ്രാമപഞ്ചായത്തും ,
കൃഷിഭവനും വിജയന് പ്രോൽസാഹ്നങ്ങൾ നൽകുന്നുണ്ട്.