കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

പാലക്കാട്: കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു.കരിപ്പോട് അടിച്ചിറ സ്വദേശി പരേതനായ ശിവദാസന്റെയും ശശികലയുടെയും മകള്‍ ശിഖാ ദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ എത്താണിയിലെ സ്വകാര്യ വ്യക്തിയുടെ ആഴമുള്ള കുളത്തിലാണ് സംഭവം.

പ്രദേശത്തെ കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയതാണ് ശിഖയും അനിയത്തി ശില്‍പ്പയും. തുടര്‍ന്ന് കൂട്ടുകാരിക്കൊപ്പം ഇരുവരും വയലില്‍ നടക്കാന്‍ ഇറങ്ങി. ഇതിനിടയില്‍ ശില്‍പ്പയുടെ കാലില്‍ ചെളി പുരണ്ടു. ഇത് കഴുകാനായി ശില്‍പ്പ സമീപത്തെ കുളത്തിനടുത്ത് എത്തുകയും കാല്‍വഴുതി കുളത്തിലേക്ക് വീഴുകയുമായിരുന്നു.

പിന്നാലെയാണ് അനിയത്തിയെ രക്ഷിക്കാന്‍ ശിഖ കുളത്തിലേക്ക് ചാടിയത്. സമീപത്തെ പുല്ലില്‍ പിടിച്ച്‌ ശില്‍പ്പയ്‌ക്ക് കരയ്‌ക്ക് കയറാന്‍ ആയെങ്കിലും ശിഖ കുളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.