ആറ്റിങ്ങൽ: ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ലൈബ്രറി ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15 തിങ്കൾ രാവിലെ 11:30ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുമെന്ന് ഒ. എസ്. അംബിക എം. എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഒരുകോടി രൂപ അനുവദിച്ചിരുന്നത്. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ മന്ദിരം കൂടി യാഥാർത്ഥ്യമാകുന്നതോടുകൂടി സ്കൂൾ എല്ലാ അർത്ഥത്തിലും ആധുനിക നിലവാരത്തിലേക്ക് ഉയരുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി ഫണ്ടിൽ നിന്നും പൊതുവിദ്യാഭ്യാസ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചിലവഴിച്ച് അത്യന്താധുനിക സജ്ജീകരണങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിരുന്നു. സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി ബ്ലോക്കിനായി ഒരുകോടി രൂപയുടെ അധിക തുക അനുവദിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതിനുപുറമെ ലാബ് ലൈബ്രറി മന്ദിരം കൂടി യാഥാർത്ഥ്യമാകുന്നതോടുകൂടി ആറ്റിങ്ങലിലെ ചരിത്രം ഉറങ്ങുന്ന ഈ മാതൃകാ വിദ്യാലയത്തിന് എല്ലാവിധ പ്രതാപങ്ങളും കൈവരിക്കാൻ സാധിക്കും എന്ന സന്തോഷത്തിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന കൂട്ടായ്മ. ഈ വേളയിൽ ഈ നാട്ടിലെ എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഉദ്ഘാടന വേളയിലും തുടർന്നും ഉണ്ടാകണമെന്ന് ഒ.എസ്. അംബിക എം. എൽ. എ. വാർത്ത കുറിപ്പിൽ അറിയിച്ചു.