ഇതാ ഇന്ത്യക്ക് പുതിയ ഫിനിഷര്‍, പേര് സഞ്ജു സാംസണ്‍; വാഴ്‌ത്തിപ്പാടി ക്രിക്കറ്റ് ലോകം

ഹരാരെ: അവസരം കളഞ്ഞുകുളിക്കുന്നവന്നെന്ന് പരിഹസിച്ചവരും എഴുതിത്തള്ളിയവരും മാറിനില്‍ക്കുക. സഞ്ജു സാംസണിന്‍റെ രണ്ടാം വരവ് ആരാധകര്‍ക്ക് ബാറ്റിംഗ് വിരുന്നാവുകയാണ്. സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ കെ എല്‍ രാഹുലിനെ പോലുള്ള വന്‍മരം കടപുഴകിയയിടത്ത് മാച്ച് വിന്നിംഗ്‌ ഇന്നിംഗ്‌സും ടോപ് സ്‌കോറുമായി ഇന്ത്യക്ക് പരമ്പര ജയം സമ്മാനിക്കുകയായിരുന്നു സഞ്ജു സാംസണ്‍. ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞവര്‍ക്ക് ബാറ്റ് കൊണ്ട് മലയാളി താരത്തിന്‍റെ മാസ് മറുപടിയായി ഈ ഇന്നിംഗ്‌സ്. ഹരാരെയില്‍ ഇന്ത്യയുടെ വിജയശില്‍പിയായ സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യക്ക് ധോണി സ്റ്റൈലില്‍ പുതിയ ഫിനിഷറെ കിട്ടിയെന്ന് വാഴ്‌ത്തുകയാണ് ആരാധകര്‍. 

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്‌വെയെ കീഴടക്കിയത്. സിംബാബ്‌വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ പത്തുവിക്കറ്റിന് സിംബാബ്‌വെയെ തകര്‍ത്തിരുന്നു.