യുട്യൂബർ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ യുട്യൂബർ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മറ്റൊരു യുവതിയെയും സമാന രീതിയിൽ അപമാനിച്ചെന്ന് ദലിത് യുവതി അറിയിച്ചതോടെ, ആ കേസിലെ വിവരങ്ങളും കോടതി തേടിയിട്ടുണ്ട്.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് യുട്യൂബർ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം പത്രാധിപർ ടി.പി. നന്ദ കുമാറിനെതിരെ പരാതി നൽകിയ ദലിത് യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് യു ട്യൂബർക്കെതിരെയുള്ള കേസ്.പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ നിലനിൽക്കുമെന്ന് നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു.