രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം, സ്വാതന്ത്ര്യ ദിനാശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീര സ്വാതന്ത്ര്യ സമര പോരാളികളെ ഈയവസരത്തില്‍ നമുക്ക് സ്മരിക്കാമെന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.

ജാതി, മത, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തു നില്‍പ്പാണ് അവര്‍ നടത്തിയത്. അവരുയര്‍ത്തിയ ആ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാധിഷ്ടിതവുമായ ജനാധിപത്യ വ്യവസ്ഥയും നമുക്ക് സമ്മാനിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകള്‍ ഉള്‍ച്ചേര്‍ന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്.

കേരളത്തിലെ പഴശ്ശി കലാപവും മലബാര്‍ കലാപവും പുന്നപ്ര വയലാര്‍ സമരവുമെല്ലാം വൈദേശികാധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സമരത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. സ്വാതന്ത്ര്യ സമരം പകര്‍ന്ന ഊര്‍ജത്തില്‍ നിന്നുമാണ് ഭാഷാ സംസ്ഥാനങ്ങളുടേയും ഫെഡറല്‍ വ്യവസ്ഥയുടേയും ആശയ രൂപീകരണമുണ്ടാകുന്നത്.

അതിനാല്‍ സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യ സമരം മുന്നോട്ടു വയ്ക്കുന്ന ഈ മഹത് മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ഓര്‍മപ്പെടുത്തലാണ്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം കൂടിയാണിത്.

ജാതി, മത, വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചൈസ്തരം മുഴക്കാം. പുരോഗതിക്കും സമത്വപൂര്‍ണമായ ജീവിതത്തിനുമായി കൈകോര്‍ക്കാം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആ വിധത്തില്‍ ഏറ്റവും അര്‍ഥവത്താകട്ടെ. എല്ലാവര്‍ക്കും ഹൃദയപൂര്‍വം സ്വാതന്ത്ര്യ ദിന ആശംസകള്‍ നേരുന്നു.