കിളിമാനൂർ: നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് , ജാഫർഖാൻ എന്നീ പ്രതികളെയാണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ അഗസ്റ്റ് 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രാത്രി 8.15ഓടെ അമിതവേഗത്തിലെത്തിയ കാർ, ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു.സംഭവ സമയം പ്രതികൾ മദ്യലഹരിയിലായിരുന്നു. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്നസുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവർ അപകടത്തിൽ മരണപ്പെട്ടിരുന്നു. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അറസ്റ്റിലായ ഷിറാസാണ് വണ്ടി ഓടിച്ചിരുന്നത്. രണ്ടുപേരും വ്യാപാരികളാണ്. സുനിൽകുമാറിനെയും പരിക്കേറ്റ മകനെയും മാറ്റി, 15 മിനുട്ടിന് ശേഷമാണ് ശ്രീദേവിൻറെ മൃതദേഹം റോഡിന് ചേർന്ന തോട്ടിൽ കണ്ടെത്തിയത്. നഗരൂർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയിൽ തട്ടിയ നിലയിലായിരുന്നു. എതിർ ദിശയിൽ നിന്നെത്തിയ KL 16 W 0999 ഫോർച്യൂൺകാർ അമിതവേഗതയിലായിരുന്നു. റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ച പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി ആറ്റിങ്ങൽ ജുഡീഷ്യറി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിരുന്നു , ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി മൂന്നു ദിവസത്തേക്ക് പ്രതികളെ നഗരൂർ പോലീസിന് വിട്ട് നൽകിയത്.