സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ പലയിടത്തും മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിലും കോട്ടയത്തും വ്യാപക മഴ ഇന്നലെ രാത്രി മുതല്‍ തുടരുകയാണ്. പത്തനംതിട്ടയില്‍ ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ചുങ്കപ്പാറ ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നെടുംകുന്നം, മാന്തുരുത്തി, മണിമല, പാമ്പാടി, കറുകച്ചാല്‍ മേഖലകളിലാണ് വെള്ളക്കെട്ടുള്ളത്.പ്രധാന റോഡുകളില്‍ വെള്ളം കയറി. മണിമല പൊന്തന്‍പുഴയില്‍ വീട്ടിലേക്കു മണ്ണിടിഞ്ഞു വീണു. പാമ്പാടിയില്‍ ഓറഞ്ച് അലേര്‍ട്ടിലുള്ള മഴ അളവാണ് രേഖപ്പെടുത്തിയത്. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് ഈ മേഖലയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത്. നിലവില്‍ മഴ മാറി നില്‍ക്കുകയാണ്. സെപ്റ്റംബര്‍ ഒന്ന് വരെ ജില്ലയില്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ശക്തമായ ജാഗ്രത നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്. മലയോര മേഖലയില്‍ ഓറഞ്ച് അലേര്‍ട്ടിനു സമാനമായ ജാഗ്രത വേണമെന്ന് കളക്ടര്‍ അറിയിച്ചു.അതേസമയം ഇടുക്കി, കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം മൂന്നായി. അപകടത്തില്‍പ്പെട്ട ചിറ്റടിച്ചാല്‍ സോമന്റ വീട് പൂര്‍ണമായും മണ്ണിനടിയിലായി. സോമന്റെ അമ്മ തങ്കമ്മ, ഭാര്യ ഷൈമ, ചെറുമകന്‍ ദേവാനന്ദ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടിയത്.