ഷാജഹാന്റെ കൊലപാതകം: രണ്ടു പ്രതികൾ പിടിയിൽ

പാലക്കാട് മരുതറോഡ്‌ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ പിടിയിലായി.കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായതെന്നാണ് വിവരം. പിടിയിലായവരില്‍ ഒരാള്‍ കൊലയുമായി നേരിട്ടുപങ്കുള്ളയാളും മറ്റൊരാള്‍ കൊലയാളി സംഘത്തെ സഹായിച്ചയാളുമാണ്. ഒളിവില്‍ കഴിയവെയാണ് ഇരുവരും പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഷാജഹാന്റെ സുഹൃത്തും പാര്‍ട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ്‌ഐആറില്‍ കൊലയ്ക്ക് പിന്നില്‍ എട്ട് ബിജെപി പ്രവര്‍ത്തകരാണെന്നാണ് പറയുന്നത്. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആറിലുള്ളത്. സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. ഒന്നാം പ്രതി ശബരീഷാണ് ആദ്യം വെട്ടിയത്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികള്‍ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടില്‍ പറയുന്നു. ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.

‌പാലക്കാട് ഡിവൈഎസ്‍പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തിനാണ് അന്വേഷണചുമതല.

അതേസമയം ഓഗസ്റ്റ് 15ന് ഷാജഹാനെ വധിക്കുമെന്ന് വാട്സ്ആപ്പ് സന്ദേശം ഉണ്ടായിരുന്നതായി സുഹൃത്ത് മുസ്തഫ പറഞ്ഞു. വീടിനടുത്തുള്ള നവീൻ എന്നയാളാണ് വാട്സ്ആപ്പ് സന്ദേശമയച്ചെന്നാണ് മുസ്തഫ ചാനലിനോട് പറഞ്ഞത്.