കൊല്ലം / തിരുവനന്തപുരം • റോഡിൽ ആൾക്കൂട്ടം കണ്ടു കാര്യം അന്വേഷിക്കാനാണ് സുധീഷ് കാർ നിർത്തിയത്. തൊട്ടുമുൻപ് കാർ മാറിക്കയറിയ ഭാര്യയും മകളും ഉൾപ്പെടെ തന്റെ പ്രിയപ്പെട്ടവരാണ് അപകടത്തിൽപെട്ടതെന്ന് അറിഞ്ഞ് തകർന്നുപോയി. അപകടത്തിൽപെട്ടതു ഭാര്യയും കുഞ്ഞും അടക്കമുള്ളവരാണെന്ന് അറിയാതെ കാറിലിരുന്നു കൊണ്ടു ഭാര്യ കൃഷ്ണഗാഥയെ ഫോണിൽ വിളിച്ചു. ഫോൺ എടുത്തതാകട്ടെ പൊലീസ് ഉദ്യോഗസ്ഥൻ. വിവരം കേട്ട് അപകടസ്ഥലത്തു പാഞ്ഞെത്തുമ്പോൾ സുധീഷ് കണ്ടതു ഭാര്യാമാതാവ് ഷീബ ജയദേവനെ ആശുപത്രിയിലേക്കു മാറ്റുന്നതാണ്. കൃഷ്ണഗാഥയെയും ജാനകിയെയും അപ്പോഴേക്കും ആശുപത്രികളിലേക്കു മാറ്റിയിരുന്നു.ഗുരുവായൂരിൽ നിന്നു മടങ്ങുമ്പോൾ, കരുനാഗപ്പള്ളിക്കു സമീപം വരെ സുധീഷിന്റെ കാറിൽ ആയിരുന്നു ഭാര്യ കൃഷ്ണഗാഥയും മകൾ ജാനകിയും. ഭക്ഷണം കഴിച്ചു തിരിച്ചു കയറുമ്പോഴാണു കൃഷ്ണഗാഥ മകളുമായി മാതാപിതാക്കളുടെ കാറിലേക്കു മാറിക്കയറിയത്. ജാനകിയെ രാവിലെ പ്ലേ സ്കൂളിൽ വിടുന്നതിനും കൃഷ്ണഗാഥയ്ക്ക് ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുമായാണു രാത്രി തന്നെ മടങ്ങാൻ തീരുമാനിച്ചത്. മാതാപിതാക്കളെ ചാത്തന്നൂരിലെ വീട്ടിലാക്കിയ ശേഷം രാവിലെ തിരുവനന്തപുരത്തേക്കു പോകാനായിരുന്നു പ്ലാൻ.ഭാര്യയും മകളും സഞ്ചരിച്ച കാറിന് ഏറെ പിന്നിലല്ലാതെ സുധീഷിന്റെ കാറും ഉണ്ടായിരുന്നു. കൊല്ലം ബൈപാസ് തുടങ്ങുന്ന കാവനാട് ആൽത്തറ മൂട്ടിൽ എത്തിയപ്പോഴാണ് റോഡിൽ ആൾക്കൂട്ടം കണ്ടത്. ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ പഴയ ദേശീയപാതയിലൂടെ രാമൻകുളങ്ങര വഴി പോകാമെന്നാണ് ആദ്യം കരുതിയത്. ഭാര്യയും മകളും മറ്റും സുരക്ഷിതമായി ഉണ്ടോയെന്നറിയാനായിരുന്നു ആൾക്കൂട്ടം കണ്ട ശേഷമുള്ള ആ ഫോൺ വിളി.ഇരുവരുടെയും മരണത്തോടെ നഷ്ടമായത് നാലു തലമുറകളുള്ള കുടുംബത്തിലെ ആദ്യത്തെയും അവസാനത്തെയും കണ്ണികൾ. മുത്തശ്ശി കൃഷ്ണകുമാരിയുടെ ശാരീരിക അവസ്ഥ പരിഗണിച്ച് വേഗം കുറച്ച് പലയിടത്തും നിർത്തിയായിരുന്നു യാത്ര. എന്നിട്ടും അപകടത്തിൽ രണ്ടു പേരുടെ ജീവൻ നഷ്ടമായതിന്റെ ദു:ഖം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കൾ. ജാനകി ജനിക്കുമ്പോൾ വിവിധ ക്ഷേത്രങ്ങളിൽ നേർച്ചകൾ നേർന്നിരുന്നു. കോവിഡ് കാരണം മുടങ്ങിയ നേർച്ചകൾ നടത്തുന്നതിനു വേണ്ടിയായിരുന്നു യാത്ര.രണ്ടു കാറുകളിലായാണ് ഇവർ കഴിഞ്ഞ 20നു പുറപ്പെട്ടത്. ഗുരുവായൂരിൽ നിന്ന് എറണാകുളത്തെത്തിയ ഇവർ ഓണത്തിനുള്ള സാധനങ്ങൾ വാങ്ങി രാത്രി 9 മണിയോടെയാണു തിരിച്ചു പുറപ്പെട്ടത്. ജയദേവനാണ് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുൻ സീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി ഇന്നലെ രാവിലെ 7 നും മരിച്ചു.പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ആശയക്കുഴപ്പവും പരുക്കേറ്റവർക്കു യഥാസമയം ചികിത്സ നൽകുന്നതിനു തടസ്സമായി. ജാനകിയെ അതുവഴി വന്ന യാത്രക്കാരിലാരോ നീണ്ടകര താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപകടത്തിൽപ്പെട്ട മറ്റുള്ളവരെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം ജാനകിയെ തിരഞ്ഞപ്പോഴാണ് നീണ്ടകരയിലേക്കു മാറ്റിയ വിവരം അറിഞ്ഞത്. വിദഗ്ധ ചികിത്സയ്ക്ക് ഇവിടെ നിന്നു മാറ്റാൻ ആശുപത്രിയിലെ ആംബുലൻസ് വിഐപി ഡ്യൂട്ടി ഉണ്ടെന്ന പേരിൽ വിട്ടു നൽകിയതുമില്ലെന്ന് ആരോപണമുണ്ട്.
ആംബുലൻസ് നൽകിയില്ല; താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച
കൊല്ലം • അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ആശയക്കുഴപ്പവും യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിനു തടസ്സമായി. അപകടം നടന്ന ഉടൻ ദൃക്സാക്ഷികളിൽ ചിലർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. നിമിഷങ്ങൾക്കകം 2 കൺട്രോൾ റൂം വാഹനങ്ങൾ പാഞ്ഞെത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേനയും. അപകടം നടന്നയുടൻ, അതുവഴി കാറിൽ പോകുകയായിരുന്ന ഒരാൾ ഗുരുതരമായി പരുക്കേറ്റ 3 വയസ്സുകാരി ജാനകിയെ അവരുടെ വാഹനത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി.അപകടത്തിൽപെട്ട മറ്റുള്ളവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനിടെയാണു കുഞ്ഞ് എവിടെയാണെന്ന വിവരം അറിയാതെ രക്ഷാപ്രവർത്തകർ കുഴങ്ങിയത്. ഈ സമയം ജാനകി നീണ്ടകര താലൂക്ക് ആശുപത്രിയിൽ മരണത്തോടു മല്ലിടുകയായിരുന്നു. കുഞ്ഞിനെ ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോയതെന്നു വിവരം തിരക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വയർലെസിലൂടെ നിർദേശിക്കുന്നതു താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കേട്ടു. ഈ പൊലീസുകാരനാണു കുഞ്ഞിനെ അവിടെ എത്തിച്ച വിവരം കൈമാറുന്നത്. അപ്പോഴേക്കും അര മണിക്കൂറിലേറെ പിന്നിട്ടു.കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കു മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റാൻ താലൂക്ക് ആശുപത്രി അധികൃതർ നിർദേശിച്ചു. ആശുപത്രിയിൽ ഐസിയു ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും പുലർച്ചെ അതുവഴി കടന്നുപോകുന്ന വിഐപിക്ക് അകമ്പടി പോകാനാണെന്ന പേരിൽ വിട്ടു നൽകിയില്ല. 108 ആംബുലൻസിനു വേണ്ടി ശ്രമം നടത്തിയെങ്കിലും അവർ പരുക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കുന്ന ഡ്യൂട്ടിയിലായിരുന്നു. പിന്നീട് സ്വകാര്യ ആംബുലൻസ് വരുത്തിയാണു കുഞ്ഞിനെ 15 കിലോമീറ്ററിലേറെ ദൂരെയുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അവിടെ ചികിത്സയിലിരിക്കെ ജാനകി മരണത്തിനു കീഴടങ്ങി. അതിനിടെ പരുക്കേറ്റവരുമായി പോവുകയായിരുന്ന വാഹനങ്ങൾ ടോൾബൂത്തിൽ തടഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്.