സ്ത്രീകൾ അശ്ലീലം എഴുതിയാൽ വിറ്റഴിയും’; ടി.പത്മനാഭനെതിരെ ലൂസി കളപ്പുര

 സാഹിത്യകാരൻ ടി.പത്മനാഭന്റെ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്. പരാമർശം അങ്ങേയറ്റം വേദനയുണ്ടാക്കിയെന്ന് സിസ്റ്റർ ലൂസി വ്യക്തമാക്കി. രാജ്യം ആദരിക്കുന്ന സാഹിത്യകാരനിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല. വിവാദ പരാമർശം നടത്തിയ പത്മനാഭൻ ‍പരസ്യമായി മാപ്പു പറയണമെന്നും സിസ്റ്റർ ആവശ്യപ്പെട്ടു. അശ്ലീലം സ്ത്രീകൾ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്നായിരുന്നു പത്മനാഭന്റെ പ്രസ്താവന.ഈ സ്ത്രീ സഭാവസ്ത്രം ഊരിവച്ച് മഠത്തിൽനിന്നുണ്ടായ ദുരനുഭവം എഴുതുന്ന ഒരു സന്യാസിനിയാണെങ്കിൽ വിൽപന കൂടുമെന്നും പത്മനാഭൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിസ്റ്റർ ലൂസി രംഗത്തെത്തിയത്. മുൻകാല ജഡ്ജിയും സാഹിത്യകാരനുമായിരുന്ന എ.വി.ഗോവിന്ദന്റെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്ത് സംസാരിക്കുമ്പോഴാണ് ടി.പത്മനാഭൻ വിവാദ പരാമർശം നടത്തിയത്.

🔴പത്മനാഭന്റെ വാക്കുകൾ :

‘‘ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ഇന്നു കേരളത്തിൽ ആളെ കിട്ടുന്നില്ല. മലയാളത്തിലും അന്യഭാഷകളിലും അസഭ്യവും അശ്ലീലവും ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ പലപല പതിപ്പുകളായി വിറ്റഴിയും. എല്ലാവർക്കും പണവും കിട്ടും. ഈ സ്ത്രീ സഭാവസ്ത്രം ഊരി വച്ച് മഠത്തിൽനിന്നുണ്ടായ ദുരനുഭവം എഴുതുന്ന ഒരു സന്യാസിനിയാണെങ്കിൽ വിൽപന കൂടും. ഒബ്സീനും വൾഗറുമായ പുസ്തകമല്ലെങ്കിൽ കോളിളക്കമുണ്ടാക്കുന്ന (സെൻസേഷണൽ) പുസ്തകമായിരിക്കണം. അല്ലാതെ ഉത്തമസാഹിത്യ കൃതികൾ ആരും വാങ്ങില്ല. തന്റെ ഇത്രയും വർഷത്തെ എഴുത്തുജീവിതത്തിൽ ഒരു വരിപോലും അസഭ്യമോ അശ്ലീലമോ എഴുതിയിട്ടില്ല’’– പത്മനാഭൻ പറഞ്ഞു.