മേയറുടെ വിവാഹ അറിയിപ്പ്
പ്രിയരെ,2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്.പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം.അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.അഭിവാദനങ്ങളോടെ,ആര്യ , സച്ചിൻ
നേരത്തെ മേയർ - എം എൽ എ വിവാഹത്തിന്റെ ക്ഷണക്കത്ത് സി പി എം പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്. അടിമുടി പാർട്ടി സ്റ്റൈലിലായിരുന്നു വിവാഹവും ക്ഷണക്കത്തും. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരിൽ പുറത്തിറക്കിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ലളിതമായി തയ്യാറാക്കിയ കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്‍റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്. തിരുവനന്തപുരം എകെജി ഹാളിൽ വച്ച് രാവിലെ 11നാണ് ചടങ്ങ്. സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ് എഫ് ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും വിവാഹം നിശ്ചയിച്ചു. സി പി എം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യാ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ.