നാവായിക്കുളം മേഖലയിൽ പത്രം മോഷണം പോകുന്നതായി പരാതി

കല്ലമ്പലം: നാവായിക്കുളം മേഖലയിൽ പത്രം മോഷണം പോകുന്നതായി പരാതി. പുലർച്ചെ ഏജന്റുമാർ നേരിട്ടും വിതരണക്കാർ മുഖേനയും വീടുകളുടെ ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിലും പൈപ്പിലും വയ്ക്കുന്ന പത്രങ്ങളാണ് മോഷണം പോകുന്നത്. പല വീടുകളിൽ നിന്നും പത്രം കിട്ടുന്നില്ലായെന്നുള്ള പരാതിയെ തുടർന്ന് കപ്പാംവിള ഏജന്റ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം പത്രം മോഷ്ടിക്കുന്ന മുക്കുകട സ്വദേശിയായ യുവാവിനെ പിടികൂടി താക്കീത് നൽകി വിട്ടയച്ചു. നാവായിക്കുളം വെള്ളൂർക്കോണം മുസ്ലീം പള്ളിയ്ക്ക് സമീപം ഒരു വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി പത്രം ലഭിക്കുന്നില്ലെന്ന പരാതിയിൽ ഇന്നലെ പുലർച്ചെ 4.30 ന് പത്രം പൈപ്പിൽ വച്ചതിനു ശേഷം വിതരണക്കാരൻ ദൂരെ മാറിനിന്ന് വീക്ഷിച്ചപ്പോഴാണ് നാവായിക്കുളം ക്ഷീര സംഘത്തിൽ കുപ്പിയുമായി പാൽ വാങ്ങാൻ പോകുകയായിരുന്ന യുവാവ് പത്രമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിടികൂടി പൊലീസിൽ ഏൽപ്പിക്കുമെന്ന് പറഞ്ഞപ്പോൾ മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിൽ താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. സമാനസംഭവങ്ങൾ നാവായിക്കുളം മേഖലയിൽ പലയിടത്തും ആവർത്തിക്കുന്നുണ്ട്. ഇത് പത്രം വരുത്തുന്നവരും ഏജന്റും തമ്മിൽ തർക്കത്തിനും വാക്കേറ്റത്തിനും കാരണമാകുന്നു. വീണ്ടും ആവർത്തിക്കുകയാണെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് ഏജന്റുമാർ അറിയിച്ചു..!