കേച്ചേരി• എം.മോഹൻദാസെന്ന കെഎസ്ആർടിസി ഡ്രൈവറുടെ മനോധൈര്യം രക്ഷിച്ചത് ഒരു ബസ് നിറയെ യാത്രക്കാരെ! കൈപ്പറമ്പിൽ റോഡരികിൽ നിന്ന മരം കടപുഴകി വീഴുന്നതു കണ്ട് ബസ് വേഗത്തിൽ ഓടിച്ചാണ് അപകടം ഒഴിവാക്കിയത്. മദിരാശി മരത്തിന്റെ ശിഖരങ്ങൾ ബസിനു പിന്നിൽ പതിച്ചെങ്കിലും ആർക്കും പരുക്കേറ്റില്ല. കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.ഇതേത്തുടർന്ന് തൃശൂർ-കുന്നംകുളം റോഡിൽ 3 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു വൈദ്യുതിക്കാലും കമ്പികളും പൊട്ടിവീണതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തൃശൂരിൽ നിന്നും കുന്നംകുളത്തു നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്. പേരാമംഗലം പൊലീസും ഹൈവേ പൊലീസും ഗതാഗതം നിയന്ത്രിച്ചു. ഈയിടെ ഗ്യാസ് ലൈനിനായി മരത്തിനു സമീപത്ത് കുഴിയെടുത്തതാണ് പെട്ടെന്ന് മരം കടപുഴകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.ഒരു വർഷം മുൻപ് റോഡരികിലെ ഈ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കലക്ടർക്കും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു. 3 മാസം മുൻപ് പേരാമംഗലത്ത് റോഡരികിലെ മരം വീണ് ഓട്ടോറിക്ഷ തകർന്നിരുന്നു. റോഡരികിലെ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാൻ അധികൃതർ നടപടിയെടുക്കാത്തതിനാൽ അപകടങ്ങൾ പതിവാകുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടി.