അവധി പ്രഖ്യാപനത്തില്‍ എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും. സാഹചര്യം നോക്കി അവധി നേരത്തെ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയില്‍ പ്രതിഷേധം രൂക്ഷമായിരുന്നു. രാവിലെ 8. 25 ഓടു കൂടിയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് നിറയെ അവധി പ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്.