അഭിനയം നിര്‍ത്തി, ഇനി ഹിമാലയത്തില്‍ സന്യാസം; പ്രഖ്യാപനവുമായി നടി നുപുര്‍

താന്‍ അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് സിനിമ രംഗം വിടുകയാണെന്നുമുള്ള പ്രഖ്യാപനവുമായി നടി നുപുര്‍ അലങ്കാര്‍. ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു. ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചനം അനുവദിച്ചെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ 27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്. ഇതില്‍ തന്നെ ശക്തിമാന്‍ സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ നുപുര്‍ മലയാളികള്‍ക്കും സുപരിചിതയാണ്.

തന്ത്ര, ഘര്‍ കി ലക്ഷ്മി ബേട്ടിയാന്‍ മുതലായ പരമ്പരകളും പ്രശസ്തമാണ്. രാജ ദി, സാവരിയ, സോനാലി കേബിള്‍ മുതലായ ചിത്രങ്ങളിലും ഇവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

അമ്മയുടെ മരണശേഷം താന്‍ മാനസികമായി തളര്‍ന്നുപോയെന്നും അന്നാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ അറിയിച്ചു. സന്യാസത്തിലേക്ക് കടക്കാനിരിക്കെയാണ് അഫ്ഗാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്ത ഘട്ടത്തില്‍ സഹോദരന്‍ അവിടെ കുടുങ്ങിപ്പോയതെന്നും പിന്നീട് കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ കൂട്ടിച്ചേര്‍ത്തു.