സൂര്യപ്രിയ ഇതു നിഷേധിച്ചെങ്കിലും സുജീഷ് അത് വിശ്വസിച്ചില്ല. ഇതേത്തുടര്‍ന്നാണ് പയ്യകുണ്ടില്‍നിന്ന് ബൈക്കില്‍ കോന്നല്ലൂരിലെത്തിയ സുജീഷ് സൂര്യപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് മൊഴിയെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ കോന്നല്ലൂരിലെ വീട്ടില്‍ എത്തിയപ്പോള്‍ യുവതിയുടെ അമ്മ ഗീതയും മുത്തച്ഛന്‍ മണിയും വീട്ടിലുണ്ടായിരുന്നില്ല.
തര്‍ക്കത്തിനിടെ സൂര്യപ്രിയ കൈയിലെ വളകള്‍ പൊട്ടിച്ച് സ്വയം മുറിവേല്‍പ്പിച്ചു. വീട്ടിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് സൂര്യപ്രിയയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും സുജീഷ് പൊലീസിന് മൊഴിനല്‍കി. മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷമാണ് സുജീഷ് ബൈക്കില്‍ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ആലത്തൂര്‍ സ്റ്റേഷനിലെത്തിയ സുജീഷ്, ഞാന്‍ എന്റെ പെണ്ണിനെ കൊന്നു എന്നുപറഞ്ഞാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശിയായ സുജീഷ് (24) തമിഴ്നാട്ടിലെ കരൂരില്‍ ഈന്തപ്പഴ കമ്പനിയിൽ സെയില്‍സ്മാനായി ജോലിചെയ്യുകയാണ്.