‘നരന്‍’ മോഡല്‍ സാഹസികത, യുവാക്കൾക്കെതിരെ കേസെടുത്തു, സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

പത്തനംതിട്ട സീതത്തോട്ടില്‍ കക്കാട് ആറില്‍ മലവെള്ളത്തില്‍ ഒഴുകിവന്ന ഒഴുകിവന്ന തടിപിടിക്കാന്‍ ചാടിയവര്‍ക്കെതിരെ കേസെടുത്തു.കോട്ടമണ്‍പാറ സ്വദേശികളായ നാലു യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ദുരന്തനിവാരണ വകുപ്പിലെ നിയമങ്ങള്‍ പ്രകാരമാണ് മൂഴിയാര്‍ പൊലീസ് കേസെടുത്തത്.

യുവാക്കളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. യുവാക്കള്‍ തടി പിടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോരിച്ചൊരിഞ്ഞ് മഴ പെയ്യുന്നതിനിടെയായിരുന്നു യുവാക്കളുടെ ‘നരന്‍’ മോഡല്‍ സാഹസിക പ്രവൃത്തി. തടിയില്‍ കയറി പറ്റാന്‍ കഴിഞ്ഞെങ്കിലും തടി കരയില്‍ എത്തിക്കാന്‍ സാധിച്ചില്ല.

ഒടുവില്‍ യുവാക്കള്‍ തിരിച്ച്‌ കരയിലേക്ക് നീന്തിക്കയറുകയായിരുന്നു. കരയില്‍ നിന്ന് സുഹൃത്ത് വീഡിയോയില്‍ പിടിക്കുകയായിരുന്നു. ദൃശ്യം വൈറലായതിന് പിന്നാലെ മന്ത്രി കെ രാജന്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. മലവെള്ളപ്പാച്ചിലിനിടെ ഇത്തരം അപകടകരമായ സാഹസികപ്രവര്‍ത്തനങ്ങള്‍ അം​ഗീകരിക്കാനാവില്ലെന്നും, കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.