ഹരാരെ: സിംബാബ്‍വെ-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്പരയിലെ ആദ്യ അങ്കം ഉച്ചക്ക് 12.45നാണ് തുടങ്ങുക. ട്വന്‍റി 20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനിൽക്കെ എത്തുന്ന ഏകദിന പരമ്പര യുവതാരങ്ങള്‍ക്ക് ഏറെ നിർണാകമാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കുമോ എന്ന ആകാംക്ഷയാണ് എല്ലാവര്‍ക്കും. ഒരുകാലത്ത് ഫ്ലവര്‍ സഹോദരന്മാരും ഒലോംഗോയുമെല്ലാം ഇന്ത്യയെ വിറപ്പിച്ചിരുന്നെങ്കില്‍ ഇപ്പോൾ ആറ് വര്‍ഷത്തിന് ശേഷമാണ് ഒരു സിംബാബ്‍വെ പര്യടനം എന്നതിൽ നിന്ന് മനസിലാക്കാം പരമ്പരയുടെ മൂല്യം. സാധാരണ നിലയിൽ അധികം താത്പര്യം ഉയര്‍ത്താതെ പോകേണ്ട പരമ്പരയെങ്കിലും രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിലെത്താന്‍ വാശിയോടെ മത്സരിക്കുന്ന ഒരുപിടി താരങ്ങളുടെ സാന്നിധ്യമാണ് കെ എൽ രാഹുല്‍ നായകനായ സംഘത്തിന്‍റെ സവിശേഷത. പരിക്കും കൊവിഡും മറികടന്നുള്ള തിരിച്ചുവരവില്‍ രാഹുല്‍ തന്നെയാകും ശ്രദ്ധാകേന്ദ്രം. ട്വന്‍റി 20യിലെ ഓപ്പണറുടെ റോളാകുമോ ഏകദിനത്തിൽ അടുത്തിടെ പതിവാക്കിയ ഫിനിഷറുടെ ചുമതലയാകുമോ നായകന്‍ ഏറ്റെടുക്കുകയെന്നതിൽ അവ്യക്തതയുണ്ട്.2015ൽ സഞ്ജു സാംസൺ രാജ്യാന്തര അരങ്ങേറ്റം നടത്തിയത് ഹരാരേയിലായിരുന്നു. ഏഴ് വര്‍ഷത്തിനിടെ സഞ്ജു കളിച്ചത് 4 ഏകദിനം മാത്രം. ഇക്കുറി വിക്കറ്റ് കീപ്പറായി അന്തിമ ഇലവനിലെത്താന്‍ ഇടംകയ്യന്‍ ബാറ്റര്‍ കൂടിയായ ഇഷാന്‍ കിഷനുമായാകും സഞ്ജുവിന്‍റെ മത്സരം. സീനിയര്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിൽ പരിക്കേറ്റ ദീപക് ചാഹറുടെ തിരിച്ചുവരവാണ് ബൗളിംഗ് യൂണിറ്റിലെ പ്രത്യേകത. റെഗിസ് ചകാബ്വ നയിക്കുന്ന സിംബാബ്‌വെ ടീമിൽ സിക്കന്ദര്‍ റാസയും ഇന്നസെന്‍റ് കൈയും ആണ് പ്രധാന താരങ്ങള്‍.അതേസമയം കെ എല്‍ രാഹുല്‍, ദീപക് ചാഹര്‍ എന്നിവരുടെ ഫിറ്റ്‌നസ് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ കോച്ച് വിവിഎസ് ലക്ഷ്മണിനോട് ആവശ്യപ്പെട്ടു. ഏഷ്യാ കപ്പും ടി20 ലോകകപ്പും വരാനിരിക്കുന്നതിനാലാണ് ഇവരുടെ ഫിറ്റ്‌നസ് നിരീക്ഷിക്കാന്‍ സെലക്ടര്‍മാരുടെ നിര്‍ദേശം. ഫെബ്രുവരിയിലാണ് ചാഹര്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. മെയ് മുതൽ രാഹുലും ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.