‘ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്തു, പരാമർശം പിന്‍വലിച്ച്‌ ജലീൽ

തിരുവനന്തപുരം:ജമ്മു കശ്മീരിനെക്കുറിച്ചുള്ള ‘ആസാദ് കശ്മീര്‍’ പോസ്റ്റ് ദേശീയ തലത്തിലടക്കം വിവാദമായതിന് പിന്നാലെ ഫെയ്സ്ബുക്ക് പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ കെടി ജലീല്‍ എംഎല്‍എ.പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇടവരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ് പിന്‍വലിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്കില്‍ തന്നെയിട്ട കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കുറിപ്പ് ദുര്‍വ്യാഖ്യാനം ചെയ്യപ്പട്ടതായും ജലീല്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച്‌ കഴിഞ്ഞു.

നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.

ജയ് ഹിന്ദ്.

നേരത്തെ ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കുറിപ്പിലൂടെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയത്.

കശ്മീര്‍ യാത്രയെക്കുറിച്ച്‌ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ജലീലിന്റെ പരാമര്‍ശങ്ങള്‍. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യന്‍ നിലപാടിനു വിരുദ്ധമായി വ്യാഖ്യാക്കാവുന്ന പരാമര്‍ശങ്ങളാണ് ജലീല്‍ നടത്തുന്നത്. പാക് അനുകൂല മാധ്യമങ്ങളും ചില രാജ്യാന്തര മാധ്യമങ്ങളുമാണ് കശ്മീരീനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അനുകൂല കശ്മീര്‍ എന്നും വേര്‍തിരിച്ചു വിശേഷിപ്പിക്കുന്നത്.

ജലീല്‍ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ‘പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീര്‍” എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.’