ആറ്റിങ്ങല്‍: അധിനിവേശങ്ങളുടെയും ആഗോള വ്യാപാരങ്ങളുടെയും പോരാട്ടങ്ങളുടെയും സ്മരണയിലാണ് 75ാം സ്വാതന്ത്യ വാര്‍ഷിക വേളയില്‍ അഞ്ചുതെങ്ങ് കോട്ട.
വൈദേശിക അധിനിവേശ ശക്തികളുടെ കേന്ദ്രവും അവര്‍ക്ക് എതിരായ പോരാട്ടങ്ങളുടെ സങ്കേതവും ആയിരുന്നു അഞ്ചുതെങ്ങ്. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യങ്ങള്‍ക്ക് വഴിയൊരുക്കിയ കര്‍ണാട്ടിക് യുദ്ധങ്ങള്‍ക്കും 1757 ലെ പ്ലാസി യുദ്ധത്തിനും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും ഏറെ മുൻപ് അധിനിവേശകര്‍ക്കെതിരെ പൊരുതിയ ജനതയാണ് അഞ്ചുതെങ്ങ് എന്ന തീരദേശ ഗ്രാമത്തിലുള്ളത്.
കായലിലൂടെ വഞ്ചി വഴി കുരുമുളക് എത്തിച്ച് കപ്പലില്‍ കയറ്റി അയക്കാന്‍ സൗകര്യം ഉണ്ടായിരുന്നതിനാല്‍ ഡച്ചുകാരും പോര്‍ചുഗീസുകാരും ഇവിടം കേന്ദ്രീകരിച്ച് ആണ് കച്ചവടം നടത്തിയിരുന്നത്. ഇവരില്‍നിന്നും മാന്യമായ വില കിട്ടുന്നില്ല എന്നു മനസ്സിലാക്കിയ ആറ്റിങ്ങല്‍ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്ബനിയുമായി കരാര്‍ ഉണ്ടാക്കി.
1673 ല്‍ അന്നത്തെ ആറ്റിങ്ങല്‍ തമ്ബുരാട്ടി ഉമയമ്മ റാണി ബ്രിട്ടീഷുകാര്‍ക്ക് പണ്ടകശാല കെട്ടി കച്ചവടം നടത്തുവാന്‍ അഞ്ചുതെങ്ങില്‍ ഭൂമി അനുവദിച്ചു. 1690 ല്‍ റാണിയുടെ അനുമതിയോടെ പണ്ടകശാല കോട്ടയായി മാറി.
എട്ട് പീരങ്കികളും അനുബന്ധ സൈനിക സംവിധാനങ്ങളും ഒരുക്കി. ഇതിനു ശേഷമുള്ള കമ്ബനിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വിരുദ്ധവും ഏകാധിപത്യത്തില്‍ ഉള്ളതും ആയിരുന്നു. ഇതോടെ അഞ്ചുതെങ്ങ് ജനത സംഘടിച്ചു. 1697 ല്‍ ജനക്കൂട്ടം കോട്ടക്ക് നേരെ ആക്രമണം നടത്തി. 1699ലും ഇതുണ്ടായി. എന്നാല്‍ ശക്തമായ സൈനിക സംവിധാനത്തില്‍ ഇതു പരാജയപ്പെട്ടു.
തുടര്‍ന്ന് സൈനിക സംവിധാനം അവര്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധം തുടര്‍ന്ന് കൊണ്ടേയിരുന്നു. 1721 ല്‍ ആസൂത്രിത കലാപമായി ഇതു മാറി. 141 ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടു.
കലാപത്തെ തുടര്‍ന്ന് ആറ് മാസക്കാലം അഞ്ചുതെങ്ങ് കോട്ട തദ്ദേശീയ ജനത ഉപരോധിച്ചു.
കൂടുതല്‍ സൈനിക സംവിധാനം എത്തിച്ചാണ് ഈസ്റ്റ് ഇന്ത്യ കമ്ബനി കോട്ട മോചിപ്പിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടുന്നത് വരെയും അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് ജനങ്ങള്‍ അധിനിവേശത്തിനെതിരെ പ്രതികരിക്കുകയും പ്രക്ഷോഭങ്ങളില്‍ സജീവമാവുകയും ചെയ്തിരുന്നു.