കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നു . ഫേസ്ബുക്ക് കുറിപ്പിലൂടെ സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത് . "ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി മുതൽ അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. അധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു.
നിപായ്ക്കെതിരെ പോരാടി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനി ഇന്നും കേരള സമൂഹത്തിന്റെ നൊമ്പരമാണ്. നിപാ ബാധിതരെ മറ്റൊന്നും നോക്കാതെ ശുശ്രൂഷിച്ചതാണ് ലിനി മരണത്തിലേക്ക് പോയത്. അന്ന് ആശുപത്രികിടക്കയിൽ കിടന്നുകൊണ്ട് ലിനി എഴുതിയ കത്ത് അന്ന് ഏറെ ഹൃദയസ്പർശിയായിരുന്നു. "സജീഷേട്ടാ ഞാൻ പോകുകയാണ് നമ്മുടെ മക്കളെ നന്നായി നോക്കണേ" എന്നായിരുന്നു ലിനി കുറിച്ചത്. ഇന്നും ഈ വാക്കുകൾ മലയാളികളുടെ കണ്ണുനിറയ്ക്കും. ലിനി മരിക്കുമ്പോൾ ഗൾഫിലായിരുന്ന സജീഷ് ഉടൻതന്നെ നാട്ടിലെത്തി. ലിനിയോടുള്ള ആദരസൂചകമായി സജീഷിന് സർക്കാർ ജോലി നൽകിയിരുന്നു. ഇപ്പോൾ പന്നിക്കോട്ടൂർ പി.എച്ച്.സിയിൽ ക്ലർക്കാണ്.
ആരോഗ്യപ്രവർത്തകർക്ക് ആകെ മാതൃകയായ വ്യക്തിത്വമായിരുന്നു സിസ്റ്റർ ലിനിയുടേത് . നൊമ്പരത്തോടെ ഓർക്കുമ്പോൾ തന്നെ , മലയാളികൾ ഏറെ സ്നേഹത്തോടെയും ആദരവോടെയുമാണ് സിസ്റ്റർ ലിനിയുടെ കുടുംബത്തെ കണ്ടിരുന്നത്. റിതുൽ, സിദ്ധാർത്ഥ് എന്നിവരാണ് സജീഷ്-ലിനി ദമ്പതികളുടെ മക്കൾ.
നിപ മഹാമാരിക്കെതിരെ പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് നാല് വർഷമായി. മക്കളുടെ കാര്യം നോക്കാൻ ഒരാൾ വേണമെന്ന ബോധ്യത്തെത്തുടർന്നാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സജീഷിന്റെ പരിജയക്കാർ പറയുന്നു . വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കൾക്ക് പുറമെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുക്കും. ലിനിയുടെ മരണശേഷം മക്കളായ ഋതുൽ സിദ്ധാർത്ഥ് എന്നിവർക്കൊപ്പം സജീഷ് ചെമ്പനോടയിലെ വീട്ടിലാണ് താമസം.