ഇതിലാണോ നീതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോകുമെന്ന് പറയുന്നത്. ഇത് അനീതിയെ പുനസ്ഥാപിക്കാന്‍ വേണ്ടി പോകുന്നതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷവും നിയമപരമായ വഴികള്‍ തേടും. ഇനിയും കേരളത്തില്‍ ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അധ്യാപക നിയമനം കൂടി പിഎസ് സിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവും മന്ത്രി കത്തെഴുതിയും തെറ്റാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. പിന്നീട് ഇത് ഗവര്‍ണര്‍ ശരിവെച്ചു. അധ്യാപകനിയമനത്തില്‍ നടന്നത് അനീതിയാണെന്നും, അതിനെ രാഷ്ട്രീയം പറഞ്ഞ് വഴിതിരിച്ചുവിടാന്‍ നോക്കേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
‘കോടതി പരാമര്‍ശം ഞെട്ടിക്കുന്നത്’
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ അതിജീവിതക്കെതിരായ കോടതിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതി തേടി മനുഷ്യര്‍ എവിടെ പോകും. ഇത് ഏതുകാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്?. 19-ാം നൂറ്റാണ്ടിലെ സ്‌പെയിനിലാണോ അദ്ദേഹം ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
നീതി നിഷേധിക്കപ്പെടുമ്പോൾ നമ്മള്‍ ഉറ്റുനോക്കുന്നത് ജുഡീഷ്യറിയെയാണ്. ഇതുപോലുള്ള വളരെ ദൗര്‍ഭാഗ്യകരമായ പരാമര്‍ശം നടത്തിയ കോടതിക്കെതിരെ ഹൈക്കോടതി നടപടി സ്വീകരിക്കുമെന്നാണ് വിചാരിക്കുന്നത്. ഹൈക്കോടതിക്ക് സൂപ്പര്‍വൈസറി ജൂറിസ്ട്രിക്ഷനുണ്ട്. ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടുമെന്ന് പ്രത്യാശിക്കുന്നു.
പട്ടികജാതി നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍, അവരുടെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍, അവര്‍ ചവിട്ടിയരയ്ക്കപ്പെടാതിരിക്കാന്‍ ഉണ്ടാക്കിയ നിയമമാണ്. അതിനെ ജുഡീഷ്യറി തന്നെ ചവിട്ടിയരയ്ക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.