ആറ്റിങ്ങൽ: ദേശീയപാതയിൽ മൂന്നുമുക്കു മുതൽ പൂവമ്പാറ വരെയുള്ള പ്രദേശത്താണ് ഫെൻസിംഗ് സ്ഥാപിക്കുന്നത്. അനാവശ്യമായി റോഡ് മുറിച്ചു കടക്കുന്നത് കാരണം നിരവധി കാൽനട യാത്രികരുടെ ജീവനാണ് ചുരുങ്ങിയ കാലംകൊണ്ട് പൊലിഞ്ഞത്. സീബ്രാ ക്രോസിംഗ് മാർക്ക് ചെയ്ത സ്ഥലത്ത് ട്രാഫിക് പോലീസ് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചിലരാണ് ഈ
സേവനം ഉപയോഗിച്ച് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നത്. തിരക്കേറിയ സമയത്ത് മുതിർന്നവരും കുട്ടികളുമൊക്കെ റോഡിന്റെ പകുതിയിൽ നിന്ന് അശ്രദ്ധമായി ഓടിയെത്തി മധ്യത്ത് സ്ഥാപിച്ചിരിക്കുന്ന വീതി കുറഞ്ഞ ഡിവൈഡറിൽ കയറി നിൽക്കുന്നു. പലപ്പോഴും ഇത്തക്കാരുടെ ബാലൻസ് തെറ്റി റോഡിന്റെ മറുപകുതിയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കിടയിലേക്ക് വീണ് ജീവഹാനി വരെ ഉണ്ടാവുന്നു. കിഴക്കേ നാലുമുക്ക് മുതൽ കച്ചേരി നടവരെയുള്ള പ്രദേശത്ത് കെഎസ്ആർറ്റിസി - പ്രൈവറ്റ് ബസ്റ്റാൻഡുകൾ, നഗരസഭ മന്ദിരം, മിനി സിവിൽ സ്റ്റേഷൻ, കോടതി, പോലീസ് സ്റ്റേഷൻ, പോസ്റ്റോഫീസ്, വില്ലേജ് ഓഫീസ്, കെഎസ്ഇബി, ട്രഷറി, ബാങ്ക്, വിദേശമദ്യവില്പനശാല, സിനിമ തീയറ്റർ തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ഇവിടേക്ക് ആവശ്യങ്ങൾക്കായി പ്രതിദിനം പതിനായിരക്കണക്കിന് ആളുകൾ വന്നു പോകുന്നതും ഈ ദേശീയപാതയിലൂടെയാണ്. അനധികൃതമായി റോഡ് മുറിച്ച് കടക്കുന്നത് പലപ്പോഴും രോഗികളെയും കൊണ്ട് പാഞ്ഞ് പോകുന്ന ആംബുലൻസുകൾക്കും വെല്ലുവിളിയാവുന്നു. കഴിഞ്ഞ വർഷം പൂർത്തിയായ ദേശീയ പാതയുടെ മധ്യത്ത് നിർമ്മിച്ചിരിക്കുന്ന ഡിവൈഡറിന്റെ മുകളിലായാണ് ഫെൻസിംഗ് സ്ഥാപിക്കുന്നത്. നീയമപരമായി റോഡ് മുറിച്ച് കടക്കാൻ അനുവദിച്ചിട്ടുള്ള പ്രദേശമൊഴികെ മറ്റെല്ലായിടവും പൂർണ്ണമായും അടക്കും.