ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടും

തൊടുപുഴ:ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.ഇടുക്കിയില്‍ 2386.86 അടിയും മുല്ലപ്പെരിയാറില്‍ 139.55 അടിയുമാണ് ജലനിരപ്പ് ഉയര്‍ന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്‌ത മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്ന് വര്‍ദ്ധിപ്പിക്കും. അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാം ഇന്ന് രാവിലെ പത്തിന് തുറക്കും.

ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്ബാട് നാല് വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതില്‍ ഇടിഞ്ഞു. സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. സെക്കന്റില്‍ അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കാനായിരുന്നു തീരുമാനമെങ്കിലും വീടുകളില്‍ വെള്ളം കയറിയതോടെ പിന്‍വലിക്കുകയായിരുന്നു. കൂടുതല്‍ വെള്ളം ഒഴുക്കിവിടണോ എന്നതില്‍ യോഗം ചേര്‍ന്ന് അന്തിമതീരുമാനമെടുക്കും. വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ജനം ആശങ്കയില്‍ കഴിയുകയാണ്.

അതേസമയം, ആദ്യം അന്‍പത് ക്യൂമെക്‌സ് വെള്ളവും പിന്നാലെ നൂറ് ക്യൂമെക്‌സ് വെള്ളവുമായിരിക്കും എറണാകുളം ഇടമലയാര്‍ ഡാമില്‍ നിന്ന് പുറത്തേക്ക് വിടുക. ഇടുക്കി ഡാമിനൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജനനിരപ്പ് ഉയര്‍ന്നതിനാല്‍ മറ്റ് പ്രധാന ഡാമുകളിലെ ഷട്ടറും ഉയര്‍ത്തിയിരിക്കുകയാണ്. മലമ്ബുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ 55 സെന്റിമീറ്റര്‍ ഉയര്‍ത്തി. ശിരുവാണി ഡാമിന്റെ സൂയിസ് ഷട്ടര്‍ 1.70 അടിയായി ഉയര്‍ത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഒരു സെന്റിമീറ്റര്‍ ഉയര്‍ത്തി.