എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍, ലോഡ്ജ് കേന്ദ്രീകരിച്ച് വിൽപ്പന

തൊടുപുഴ: ലോഡ്ജില്‍നിന്ന് എം ഡി എം എയുമായി യുവതിയും യുവാവും പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്.തൊടുപുഴയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്.

യൂനസ് ഇതിനു മുൻപും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നു. പൊലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ 22-കാരിയായ അക്ഷയയെ ഉപയോഗിച്ച്‌ വില്‍പ്പന നടത്തുകയായിരുന്നു പതിവ്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ‌രിശോധന നടന്നത്. ഇവരില്‍നിന്ന് 6.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജില്‍ എത്തിയിരുന്നു. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇരുവരുടെയും പതിവ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ പ്രധാനമായും ലഹരി മരുന്ന് വിതരണം ചെയ്തത്.