തിരുവനന്തപുരം : മന്ത്രി പി.രാജീവിന് അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. നെയ്യാറ്റിൻകരയിൽനിന്ന് എറണാകുളത്തേക്കു പോയ മന്ത്രിയുടെ വാഹനത്തിന്റെ റൂട്ടിൽ വ്യത്യാസമുണ്ടായെന്ന പേരിലാണ് നടപടി. റൂട്ട് മാറ്റം കാരണം മന്ത്രിക്കു ബുദ്ധിമുട്ടുണ്ടായെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.എസ്ഐ എസ്.എസ്.സാബുരാജൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.ജി.സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നടപടിക്കെതിരെ പൊലീസ് സേനയിൽ വ്യാപകമായ അമർഷമുണ്ട്. പള്ളിച്ചലിൽനിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജംക്‌ഷനിൽനിന്നും ദേശീയപാതവഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം.എന്നാൽ, അകമ്പടിവാഹനം കിള്ളിപ്പാലം തമ്പാനൂർ, ബേക്കറി ജംക്‌ഷനുകൾ വഴി ചാക്കയിലെത്തിയാണ് ദേശീയപാതയിൽ കടന്നത്. രണ്ടു റൂട്ടുകളും തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ, മന്ത്രിയുടെ ഓഫിസിൽനിന്ന് അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതെന്നാണ് സേനയിൽനിന്ന് ലഭിക്കുന്ന വിവരം.